ഏരുവേശ്ശിയിൽ പട്ടികവർഗ കുടുംബങ്ങൾക്ക് ഗ്രീൻവില്ലകൾ ഒരുങ്ങുന്നു..

ഏരുവേശ്ശിയിൽ പട്ടികവർഗ കുടുംബങ്ങൾക്ക് ഗ്രീൻവില്ലകൾ ഒരുങ്ങുന്നു

ശ്രീകണ്ഠപുരം : ഏരുവേശ്ശി ഗ്രാമപ്പഞ്ചായത്ത് ഭൂരഹിത ഭവനരഹിത പട്ടികവർഗ കുടുംബങ്ങൾക്കായി 'ഗ്രീൻ വില്ല-അംബേദ്കർ സ്മാർട്ട് ഊര്' എന്ന പേരിൽ വീടുകൾ നിർമിക്കുന്നു. ലൈഫ് പദ്ധതിയുമായി സഹകരിച്ചാണ് വീടുകളൊരുക്കുന്നത്.

പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ വലിയപറമ്പിലുള്ള 40 സെന്റ് സ്ഥലത്താണ് ഏഴ് വീടുകൾ നിർമിക്കുന്നത്. ലൈഫ് പദ്ധതിയിൽനിന്ന് മുൻഗണനാ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത കുടുംബങ്ങളാണ് ഇവിടെ താമസിക്കുക. ഏഴ് വീടുകളുടെയും 90 ശതമാനം നിർമാണം പൂർത്തിയായി.

തറയിൽ ടൈലുകൾ വിരിക്കുന്ന പണികളാണ് നടക്കുന്നത്. ഇതിനുശേഷം വൈദ്യുതി കണക്‌ഷനും എടുത്ത് ഉടൻതന്നെ താക്കോൽ കൈമാറാനാണ് അധികൃതരുടെ ശ്രമം. ആറ് ലക്ഷം രൂപയിലധികം ഒരോ വീടിനും ചെലവഴിച്ചിട്ടുണ്ട്.

രണ്ട് കിടപ്പുമുറികളും അടുക്കളയും ഹാളും സിറ്റൗട്ടും അടങ്ങുന്ന വീടുകളാണ് നിർമിച്ചത്. ചുറ്റുമതിലും ഗേറ്റും കുടിവെള്ള സൗകര്യവും ഒരുക്കുന്നുണ്ട്. ഗ്രീൻവില്ലയിലേക്കുള്ള റോഡ് ഇന്റർലോക്ക് ചെയ്യാനുള്ള പദ്ധതിയുടെ നടപടി ക്രമങ്ങളും പുരോഗമിക്കുന്നു.

സാംസ്കാരികനിലയവും ഒരുക്കും

ഗ്രീൻവില്ലകളോടൊപ്പം സാംസ്കാരികനിലയവും ഇവിടെ ഒരുക്കുന്നുണ്ട്. വീടുകളുടെ പണി പൂർത്തിയാക്കി താക്കോൽ കൈമാറിയതിനുശേഷമാണ് സാംസ്കാരിക നിലയത്തിന്റെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങുക. സാംസ്‌കാരിക നിലയത്തിനായി 25 ലക്ഷം രൂപ കെ. സുധാകരൻ എം.പി. അനുവദിച്ചിട്ടുണ്ട്.

ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനായി ഒൻപത് ലക്ഷം രൂപയും ചുറ്റുമതിലും ഗേറ്റും നിർമിക്കുന്നതിനായി 10 ലക്ഷം രൂപയും എം.പി.ഫണ്ടിൽനിന്ന് വകയിരുത്തിയിട്ടുണ്ട്. ഈ പദ്ധതികളുടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി