വിദൂര ദൃശ്യങ്ങളുടെ വിസ്മയവുമായി പാലക്കയംതട്ട്
വിദൂര ദൃശ്യങ്ങളുടെ വിസ്മയവുമായി പാലക്കയംതട്ട്
*പുലിക്കുരുമ്പ:* വ്യത്യസ്ത കാലാവസ്ഥകളിലും വിദൂരദൃശ്യങ്ങളുടെ വിസ്മയം പകർന്ന് പാലക്കയംതട്ട് വിനോദസഞ്ചാരികളെ വരവേൽക്കുന്നു. ആകാശാതിർത്തികളിൽ ലയിച്ചില്ലാതാകുന്ന മലമടക്കുകളുടെ സുന്ദരദൃശ്യങ്ങൾ ഒരേ സമയം മുന്നൂറ്റിയറുപത് ഡിഗ്രിയിലും ആസ്വദിക്കാമെന്നതാണ് പാലക്കയംതട്ടിന്റെ പ്രത്യേകത. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഒരേപ്രദേശത്തിന്റെ വ്യത്യസ്ത ദൃശ്യഭംഗികളാണ് കൺമുന്നിൽ തെളിയുന്നത്.
കിഴക്ക് കർണാടക വനാന്തരങ്ങളിലെ നിറഭേദങ്ങൾ വിടർത്തുന്ന മലനിരകൾ മുതൽ പടിഞ്ഞാറ് പയ്യാമ്പലം ബീച്ചിൽ തിരമാലകൾ മുത്തമിടുന്ന അറബിക്കടൽ വരെയുള്ള ദൃശ്യങ്ങൾ തെളിഞ്ഞ അന്തരീക്ഷമുള്ളപ്പോൾ ഇവിടെനിന്ന് കാണാനാകും.
കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ ഏറെ പ്രദേശങ്ങളും ഇവിടെ നിന്ന് തെക്കും വടക്കുമുള്ള കാഴ്ചാപരിധിയിലാണ്. പ്രകൃതി ദൃശ്യങ്ങൾ കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാനാവുന്ന വിവിധ വിനോദോപാധികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
ഇവിടേക്കുള്ള യാത്രാസൗകര്യം അടുത്ത നാളിൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. നടുവിൽ മണ്ടളത്തു നിന്നും പുലിക്കുരുമ്പയിലെത്തി കൈതളം വഴിയും പാലക്കയംതട്ടിലേക്കുള്ള രണ്ട് റോഡുകളും നടുവിൽ ഗ്രാമപഞ്ചായത്തിന്റെയും കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ പുനർനിർമാണം നടത്തി ടാറിംഗിനിരുവശവും കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തി മികച്ച രീതിയിലാണ് നവീകരിച്ചിട്ടുള്ളത്. ഇത് കൂടാതെ കുടിയാൻമല കനകക്കുന്ന് വഴിയും പാലക്കയംതട്ടിലെത്താം.
ബൈക്ക്, സ്കൂട്ടർ, ഓട്ടോറിക്ഷ, കാർ തുടങ്ങി എല്ലാവിധ വാഹനങ്ങൾക്കും പാലക്കയംതട്ടിലെ പ്രവേശന കവാടത്തോട് ചേർന്നുള്ള പാർക്കിംഗ് ഗ്രൗണ്ട് വരെ ഇപ്പോൾ സുഗമമായി സഞ്ചരിക്കാവുന്ന സ്ഥിതിയാണുള്ളത്. ഫോർവീൽ ഡ്രൈവുള്ള വാഹനങ്ങൾക്ക് മാത്രമേ പാലക്കയംതട്ടിലേക്ക് പോകാൻ കഴിയൂ എന്ന തരത്തിലുണ്ടായിരുന്ന പ്രചാരണങ്ങൾ ഇതോടെ അപ്രസക്തമായി. യാത്രികർക്ക് ഇഷ്ടമുള്ള ഏതു വാഹനത്തിലും ഇപ്പോൾ എത്തിച്ചേരാം.
_✒️ബേബി സെബാസ്റ്റ്യൻ_
Comments
Post a Comment