മുഖ്യമന്ത്രിയും സംഘവും അമേരിക്കയില്‍; ലോകകേരളസഭ സമ്മേളനം നാളെ മുതല്‍

മുഖ്യമന്ത്രിയും സംഘവും അമേരിക്കയില്‍; ലോകകേരളസഭ സമ്മേളനം നാളെ മുതല്‍
ലോകകേരള സഭ സമ്മേളനത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെത്തി. ന്യൂയോര്‍ക്ക് സമയം ഉച്ചക്ക് മൂന്ന് മണിയോടെയാണ് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സംഘം എത്തിയത്. കോണ്‍സല്‍ ജനറല്‍ രണ്‍ദീപ് ജയ്സ്വാള്‍, നോര്‍ക്ക ഡയറ്കടര്‍ കെ അനിരുദ്ധന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. 

തുടര്‍ന്ന് ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മാര്‍കീ ഹോട്ടലിലേക്ക് സംഘം പോയി. സ്പീക്കര്‍ എഎന്‍ ഷംസീര്‍, ധനമന്ത്രി കെഎന്‍ ബാലഗോപാല്‍, ജോണ്‍  ബ്രിട്ടാസ് എം പി, ചീഫ് സെക്രട്ടറി വി പി ജോയ്, മുഖ്യമന്ത്രിയുടെ ഭാര്യ കമല എന്നിവരും നോര്‍ക്ക ഭാരവാഹികളുമാണ് സംഘത്തിലുള്ളത്. 

ഇന്ന് ന്യൂയോര്‍ക്ക് സമയം വൈകീട്ട് ആറരയ്ക്ക് സൗഹൃദസമ്മേളനത്തോടെ ലോകകേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് തുടക്കമാകും. നാളെയാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടക്കുക. പ്രാദേശിക സമയം രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ ഷംസീര്‍ അധ്യക്ഷനാകും. ധനമന്ത്രി ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. 

മാരിയറ്റ് മാര്‍ക് ക്വീയില്‍ ബിസിനസ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അമേരിക്കയിലെ മലയാളി നീക്ഷേപകര്‍, പ്രവാസി മലയാളികള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.

വൈകീട്ട് ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രിപിണറായി വിജയന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. 

13 വരെ മൂന്ന് ദിവസങ്ങളിലാണ് അമേരിക്കയിൽ ലേക കേരള സഭയുടെ മൂന്നാം സമ്മേളനം  നടക്കുന്നത്. യുഎന്‍ ആസ്ഥാനത്തും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. തുടര്‍ന്ന് ജൂണ്‍ 14 ന് ന്യൂയോര്‍ക്കില്‍ നിന്ന് ഹവാനയിലേക്ക് തിരിക്കും.

ജൂണ്‍ 15 ,16 തീയതികളില്‍ ക്യൂബയും മുഖ്യമന്ത്രി സന്ദര്‍ശിക്കും. ഹവാനയിലെ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജും ക്യൂബാ സന്ദര്‍ശന സംഘത്തിലുണ്ട്

മടക്കയാത്രയിൽ മുഖ്യമന്ത്രി 17നു വൈകിട്ടു ദുബായിൽ ഇറങ്ങും. 18നു വൈകിട്ട് 4.30നു ബിസിനസ് ബേയിലെ താജ് ഹോട്ടലിൽ കേരള സ്റ്റാർട്ടപ് മിഷന്റെ സ്റ്റാർട്ടപ് ഇൻഫിനിറ്റി സെന്റർ ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ മാസം അബുദാബിയിൽ നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ കേന്ദ്രാനുമതി ലഭിക്കാത്തതിനെത്തുടർന്നു മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം റദ്ദാക്കിയിരുന്നു. ഈ മാസം 19 നാണ് മുഖ്യമന്ത്രി കേരളത്തിൽ മടങ്ങിയെത്തുക.


Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി