സമ്പന്നരില്‍ മുന്നില്‍ തരൂര്‍, രാജീവ് ചന്ദ്രശേഖറിന് 23.65 കോടി, സുരേഷ് ഗോപിക്ക് 12.66 കോടി; സ്ഥാനാര്‍ത്ഥികളുടെ ആസ്തി അറിയാം

സമ്പന്നരില്‍ മുന്നില്‍ തരൂര്‍, രാജീവ് ചന്ദ്രശേഖറിന് 23.65 കോടി, സുരേഷ് ഗോപിക്ക് 12.66 കോടി; സ്ഥാനാര്‍ത്ഥികളുടെ ആസ്തി അറിയാം
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പ്രധാന സ്ഥാനാര്‍ത്ഥികളില്‍ ആസ്തികളില്‍ മുമ്പന്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. തരൂരിന് ആകെ 56.06 കോടി രൂപ മൂല്യമുള്ള സ്വത്തു വകകളാണുള്ളത്. 19 ബാങ്ക് അക്കൗണ്ടുകളിലും ഓഹരിബോണ്ടുകളിലുമടക്കം 49.31 കോടി രൂപയുടെ നിക്ഷേപമുണ്ട്.

32 ലക്ഷം വിലയുള്ള 534 ഗ്രാം സ്വര്‍ണവും 22.68 ലക്ഷം വിലയുള്ള രണ്ടു കാറുകളുമുണ്ട്. 6.75 കോടി രൂപയുടെ ഭൂസ്വത്തുക്കളാണുള്ളത്. കട ബാധ്യതകളില്ല. കൈവശം 36000 രൂപ മാത്രമാണ് ഉള്ളതെന്നും നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കുന്നു.

നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം ആസ്തിയില്‍ രണ്ടാം സ്ഥാനത്ത് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ ആണ്. ആകെ 23.65 കോടിയുടെ സ്വത്താണുള്ളത്. സ്ഥാവര സ്വത്തുക്കള്‍ 14.4 കോടിയുടേയും, സ്വര്‍ണം, വാഹനം തുടങ്ങി ജംഗമ സ്വത്തുക്കളായി 9.25 കോടിയുടേയും ആസ്തിയുള്ളതായി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കുന്നു.

ആസ്തിയില്‍ മുന്‍പന്തിയിലുള്ളൊരു മറ്റൊരു സ്ഥാനാര്‍ത്ഥി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും സിനിമാ നടനുമായ സുരേഷ് ഗോപിയാണ്. 12.66 കോടിയാണ് സുരേഷ് ഗോപിയുടെ ആകെ ആസ്തി. 8.59 കോടിയുടെ സ്ഥാവര സ്വത്തും 4.07 കോടിയുടെ ജംഗമ സ്വത്തുക്കളും ഉള്ളതായി സുരേഷ് ഗോപി വ്യക്തമാക്കുന്നു. 2019 ല്‍ 10.66 കോടിയായിരുന്നു.

ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് ആണ് 10 കോടിക്ക് മുകളില്‍ ആസ്തിയുള്ള മറ്റൊരു സ്ഥാനാര്‍ത്ഥി. 10.38 കോടിയാണ് ആകെ ആസ്തി. 2019 ല്‍ 14.4 കോടിയായിരുന്നു അടൂര്‍ പ്രകാശിന്റെ ആസ്തി. കെപിസിസി പ്രസിഡന്റും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ സുധാകരന് 6.99 കോടിയാണ് ആകെ ആസ്തി. 2019 ല്‍ ഇത് 3.16 കോടിയായിരുന്നു.

കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിന് 7.5 കോടിയുടെ സ്വത്തുണ്ട്. തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് 5.26 കോടിയാണ് ആസ്തി. പൊന്നാനിയിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുസമദ് സമദാനിക്ക് 2.07 കോടിയും, വടകരയിലെ ഇടതു സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്ക് 1.56 കോടിയും ആസ്തിയുണ്ട്.

കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ജയരാജന്‍ 1.44 കോടി, എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍- 1.3 കോടി, മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ് 1.05 കോടി എന്നിവരാണ് കോടീശ്വരന്മാരായ സ്ഥാനാര്‍ത്ഥികള്‍. ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥികളായ കെ സി വേണുഗോപാലിന് 86.5 ലക്ഷവും എഎം ആരിഫിന് 47.16 ലക്ഷവുമാണ് ആകെ ആസ്തിയുള്ളത്.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി