സംവിധായകന്‍ സിദ്ദിഖ് (63) അന്തരിച്ചു.
സംവിധായകന്‍ സിദ്ദിഖ് (63) അന്തരിച്ചു.
ഇന്ന് വൈകിട്ട് ഒന്‍പതു മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. അന്ത്യം. സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനാണ് മരണവിവരം സ്ഥിരീകരിച്ചത്. നാളെ രാവിലെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേിയത്തില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് ആറുമണിക്ക് ഖബറടക്കം. ഭാര്യ: സജിത, മക്കൾ: സുമയ, സാറ, സുകൂൺ.
കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദിഖിനെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സിദ്ദിഖിന് ഹൃദയാഘാതം ഉണ്ടായത്.
ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായി 1954 ഓഗസ്റ്റ് ഒന്നിന് കൊച്ചിയിൽ ജനനം. കളമശ്ശേരി സെന്റ് പോൾസ് കോളേജിലായിരുന്നു വിദ്യാഭ്യാസം. കൊച്ചിൻ കലാഭവനിലൂടെയാണ് സിദ്ദിഖിന്റെ കലാരംഗത്തേയ്ക്ക് കടന്നുവന്നത്. ഇവിടെവച്ചാണ് അദ്ദേഹം പില്‍ക്കാലത്ത് തന്റെ സംവിധാന പങ്കാളിയും ആത്മസുഹൃത്തുമായ ലാലുമായി സൗഹൃദത്തിലാകുന്നത്. സിനിമാ മോഹവുമായി ഇരുവരും സംവിധായകൻ ഫാസിലിനെ പരിചയപ്പെടുകയും പിന്നീട് അദ്ദേഹത്തിന്റെ സഹസംവിധായകരാകുകയും ചെയ്തു.
പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിക്കൊണ്ടായിരുന്നു ഇരുവരും സിനിമയിലേയ്ക്ക് കടന്നത്. സത്യന്‍ അന്തിക്കാടിന്റെ നാടോടിക്കാറ്റ് എന്ന സിനിമയ്ക്ക് കഥയെഴുതിയതും സിദ്ദിഖ്-ലാൽ കൂട്ടുകെട്ടായിരുന്നു. 1989ൽ സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് സൂപ്പര്‍ ഹിറ്റായ റാംജി റാവു സ്‌പീക്കിങ് എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകരായി. പിന്നീട് ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയ സിനിമകൾ ഈ കൂട്ടുകെട്ടിൽ നിന്നുണ്ടായി.
ലാലുമായുള്ള കൂട്ടുകെട്ട് വേർപിരിഞ്ഞതിനുശേഷം 1996ൽ ഹിറ്റ്ലർ എന്ന ചിത്രം സിദ്ദിഖ് തനിച്ച്സംവിധാനം ചെയ്തു. ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ, ബോഡി ഗാർഡ്, ലേഡീസ് ആൻഡ് ജെന്റിൽമാൻ, ഭാസ്‌കർ ദി റാസ്കൽ. കിങ്ങ് ലയർ, ഫുക്രി, ബിഗ് ബ്രദർ തുടങ്ങിയ സിനിമകൾ പിന്നീട് സംവിധാനം ചെയ്തു. ഫ്രണ്ട്‌സ് , എങ്കൾ അണ്ണ, സാധു മിറാൻഡ, കാവലൻ എന്നിവയാണ് സിദ്ദിഖ് സംവിധാനം ചെയ്ത തമിഴ് സിനിമകള്‍. സൽമാൻ ഖാൻ നായകനായ ബോഡി ഗാർഡിന്റെ ഹിന്ദി പതിപ്പ് ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രമായിരുന്നു.
Comments
Post a Comment