റബറിനോട് തോറ്റു; പകരക്കാരനെത്തേടി മലയോര കർഷകർ
റബറിനോട് തോറ്റു; പകരക്കാരനെത്തേടി മലയോര കർഷകർ
*ആലക്കോട്:* വോട്ടു കിട്ടാൻ രാഷ്ട്രീയ മുന്നണികൾ കാർഷിക വിളകൾക്ക് മോഹവില വാഗ്ദാനം ചെയ്യും. വില കേട്ട് കർഷകർ വോട്ട് ചെയ്തു അധികാരത്തിലേറ്റും. അധികാരത്തിലേറിയാൽ രാഷ്ട്രീയ മുന്നണികൾ തിരിഞ്ഞു നോക്കാത്ത ഒരു വിഭാഗമായി കർഷകർ മാറിയിരിക്കുകയാണ്. വാഗ്ദാനങ്ങൾ പലതും കേട്ടാണ് ഇക്കുറിയും കർഷകദിനാചരണം. സർക്കാരിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ ആചരിക്കുന്പോഴും കണ്ണീർ ദിനങ്ങളാണ് കർഷകർക്ക്.
വിലയില്ലെങ്കിൽ റബർ കൃഷി നഷ്ടമെന്നാണ് കർഷകർ പറയുന്നത്. പലരും റബർ കൃഷിയോട് വിട പറഞ്ഞു തുടങ്ങി. ഇതിനൊക്കെ നിരവധി കാരണങ്ങളാണ് കർഷകർക്ക് പറയാനുള്ളത്. 2010 ൽ ലഭിച്ച അതേവിലയാണ് 13 വർഷങ്ങൾക്ക് ശേഷം 2023 ലും ലഭിക്കുന്നത്. കർഷക തൊഴിലാളിക്ക് അന്ന് 250 രൂപയായിരുന്നു കൂലി. ഇന്നിത് 800 രൂപയായി. രണ്ടിരട്ടിയിലധികം വർധന. റബർ വില മാത്രം കൂട്ടിയാൽ മൂന്നിൽ രണ്ടു വരുമാനം കുറഞ്ഞു. ജീവിതച്ചെലവാണെങ്കിൽ മൂന്നിരട്ടി കൂടി.
2012 മുതൽ റബർ കർഷകരുടെ കടം കൂടിക്കൂടി വരുന്നു. വില സ്ഥിരതാ ഫണ്ടില്ല. സർക്കാർ ശ്രദ്ധിക്കുന്നുമില്ല.
400 രൂപയെങ്കിലും ഒരു കിലോ റബറിന് വില കിട്ടിയാൽ മാത്രമേ റബർ കൃഷികൊണ്ട് കർഷകന് എന്തെങ്കിലും കാര്യമുള്ളൂ. ഉത്പാദനച്ചെലവ് ഏറെ വർധിച്ചു. തൊഴിലാളികളെ കിട്ടാനില്ല. എല്ലാവരും റബർ പകുതിക്ക് ടാപ്പിംഗിന് കൊടുക്കുകയാണ്.
ഒരു വർഷം ലഭിക്കുന്നത് പരമാവധി 100 ടാപ്പിംഗ് ദിനങ്ങളാണ്. എന്തെങ്കിലും മറ്റ് കൃഷി ചെയ്യാമെന്നു കരുതിയാൽ ആദ്യ മുതൽമുടക്കിന് കർഷകരുടെ കൈയിൽ പണമില്ല.
റബറിന് പിന്നാലെ പോകാതെ കൂലിപ്പണിക്ക് പോകുകയാണെങ്കിൽ അതാണ് ലാഭമെന്നാണ് കർഷകർ പറയുന്നത്. കേരളത്തിന്റെ സാഹചര്യത്തിൽ റബർ കൃഷി സാധ്യമല്ലെന്നും ലാഭകരമാക്കാൻ പറ്റില്ലെന്നും കർഷകനായ ചെറുപുഴയിലെ സജി തോപ്പിൽ പറയുന്നു.
റബർ കർഷകർക്കായി ഒരു മാസ്റ്റർ പ്ലാൻ തയാറാക്കാൻ രാഷ്ട്രീയ പാർട്ടികൾക്കോ സർക്കാരിനോ കഴിയുന്നുമില്ല. റബറിന് പകരം മറ്റെന്ത് കൃഷി ചെയ്യണമെന്ന് കണ്ടെത്തണം. അതിനെങ്കിലും കർഷകരെ സർക്കാർ സഹായിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Comments
Post a Comment