റബർ ഇറക്കുമതി ഭീഷണിയിൽ ആഭ്യന്തരവില വീണു - വീണ്ടും പ്രതിസന്ധിയിൽ ആയി കർഷകർ 🔰🌳
റബർ ഇറക്കുമതി ഭീഷണിയിൽ ആഭ്യന്തരവില വീണു - വീണ്ടും പ്രതിസന്ധിയിൽ ആയി കർഷകർ 🔰🌳
*ആലക്കോട്:* ഇറക്കുമതി ഭീഷണിയില്‍ റബര്‍ ആഭ്യന്തര വിപണി വില കൂപ്പുകുത്തുന്നു. ഒരു മാസത്തിനിടെ 10 രൂപയില്‍ അധികം കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്. വരുംദിവസങ്ങളില്‍ വില വീണ്ടും ഇടിയുമെന്നാണു വിപണി നല്കുന്ന സൂചന.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് റബര്‍ ഇറക്കുമതിയില്‍ വന്‍ വര്‍ധനയുണ്ടായതോടെയാണ് ആഭ്യന്തര വിലയില്‍ വന്‍ ഇടിവ് നേരിട്ടത്.
വന്‍കിട ടയര്‍നിര്‍മാതാക്കള്‍ വിപണിയില്‍നിന്നു വിട്ടുനില്‍ക്കുന്നതിനാല്‍ കടകള്‍ അടച്ചിടാന്‍ വ്യാപാരികളും നിര്‍ബന്ധിതരാകുന്നു. ഷീറ്റ് റബറിന് ഇടിവ് തുടരുമ്പോഴും ലാറ്റക്സിനു സാമാന്യം മികച്ച വില ലഭിക്കുന്നുണ്ട്. ഫീല്‍ഡ് ലാറ്റെക്സിനു 158 രൂപയാണ് വിപണി വില.
ഷീറ്റ് റബറിന് ആര്‍എസ്എസ് നാലിന് 143.50 രൂപയ്ക്കാണു ഇന്നലെ വ്യാപാരം നടന്നത്. ഏപ്രില്‍-ജൂണ്‍ രണ്ടാം പാദത്തില്‍ 35,900 ടണ്‍ റബര്‍ ഇറക്കുമതി ചെയ്തു. മുന്‍വര്‍ഷം ഇത് 33,800 ടണ്‍ മാത്രമായിരുന്നു.
മഴക്കാല സീസണ് വിപണിയില്‍ കുറവുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ മുന്‍കൂട്ടി ഇറക്കുമതി നടത്തുകയായിരുന്നു.
ഐവറികോസ്റ്റില്‍നിന്നും വന്‍തോതില്‍ ഇറക്കുമതി നടന്നതായി വ്യാപാരികള്‍ പറയുന്നു. ലാറ്റെക്സിനും ആനുപാതികമായി വില കുറവ് അനുഭവപ്പെടുന്നുണ്ട്. 185 രൂപയില്‍നിന്നും 158 രൂപയിലേക്ക് ഫീല്‍ഡ് ലാറ്റക്സ് വിലക്കുറഞ്ഞു.
വടക്കന്‍ ജില്ലയില്‍ റബര്‍ വ്യാപാരം മന്ദീഭവിച്ച അവസ്ഥയിലാണ്. ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ അടയ്ക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കടയില്‍ വന്‍തോതില്‍ സ്റ്റോക്ക് വര്‍ധിച്ചതും വ്യവസായികള്‍ റബര്‍ വാങ്ങാന്‍ തയാറാകാതെ വന്നതും പ്രതിസന്ധി രൂക്ഷമാക്കി. ഓണത്തിനു വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നാല്‍ കര്‍ഷകന്റെ അവസ്ഥ ദയനീയമാകും.
അനിയന്ത്രിതമായ ഇറക്കുമതിമൂലം വ്യവസായികള്‍ ആഭ്യന്തര വിപണിയില്‍നിന്നും വിട്ടുനിന്ന് വാങ്ങലുകള്‍ പരിമിതപ്പെടുത്തിയത് പ്രതിസന്ധി വര്‍ധിപ്പിച്ചു. വാങ്ങിയ റബറിന്റെ വില ലഭിക്കാത്തതിനാല്‍ ഓണക്കാലത്ത് കര്‍ഷകരില്‍നിന്നും റബര്‍ വാങ്ങാന്‍ വ്യാപാരികള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുമെന്ന് ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന് പറഞ്ഞു.
ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരും റബര്‍ ബോര്‍ഡും അടിയന്തരമായി ഇടപെടണമെന്ന് ഐആര്‍ഡിഎഫ് പ്രസിഡന്റ് ജോര്‍ജ് വാലി, ലിയാകത് അലി ഖാന്, ബിജു പി. തോമസ് എന്നിവര്‍ പറഞ്ഞു.
പരിമിതമായ അളില് കഴിഞ്ഞ ആഴ്ച കമ്പനികള്‍ വാങ്ങിയ റബറിന്റെ ചരക്കു നീക്കം ഇതുവരെ നടന്നിട്ടില്ല. മഴ മാറിനിന്നതിനാല്‍ ഉത്പാദനം വര്‍ധിച്ചതാണ് 156നിന്നും 143 രൂപയിലേക്കു വില കൂപ്പുകുത്താൻ കാരണമായത്.
കര്‍ഷകര്‍ക്ക് ബുദ്ധിമുട്ട് നേരിടാതിരിക്കാനാണ് വ്യാപാരസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് റബര്‍ വില സ്ഥിരത പദ്ധതിയില്‍നിന്നും ലഭിക്കാനുള്ള മുഴുവന്‍ തുകയും ഓണത്തിനു മുമ്പ് നല്‍കണമെന്നും ഐആര്‍ഡിഎഫ് ഭാരവാഹികള്‍ പറഞ്ഞു.
Comments
Post a Comment