നാളെ കൂടി കഴിഞ്ഞാൽ കേരളം പൊള്ളും❗️ഏപ്രിൽ ഒന്ന് തൊട്ട് സമസ്ത മേഖലയിലും ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വില വർധിക്കും
നാളെ കൂടി കഴിഞ്ഞാൽ കേരളം പൊള്ളും❗️ഏപ്രിൽ ഒന്ന് തൊട്ട് സമസ്ത മേഖലയിലും ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വില വർധിക്കും
ചെമ്പേരി :മീനച്ചൂടിനെ വെല്ലുന്ന വിലക്കയറ്റത്തിന്റെ ചൂടിലേക്കു മലയാളികൾ കാലെടുത്തു വയ്ക്കാനൊരുങ്ങുന്നു. ബജറ്റിൽ പ്രഖ്യാപിച്ച വിലക്കയറ്റം അടുത്ത മാസം ഒന്നിനു പ്രാബല്യത്തിൽ വരും.
ഡീസലിനും പെട്രോളിനും രണ്ടു രൂപയാണു വർധിക്കുക. എല്ലാ വിലക്കയറ്റത്തിനും അടിസ്ഥാന കാരണമാകുന്ന സെസ് കുറയ്ക്കണമെന്നു പ്രതിപക്ഷവും ജനങ്ങളും ആവശ്യപ്പെട്ടിട്ടും ഒരു പൈസ പോലും കുറയ്ക്കില്ലെന്ന നിലപാടാണു സർക്കാർ എടുത്തിരിക്കുന്നത്.
ലോറിവാടക ഇനത്തിൽ വർധന വരുന്നതോടെ എല്ലാ അവശ്യവസ്തുക്കളുടെയും വില വർധിക്കും. ഒന്നുമുതൽ ലോറി വാടക വർധിക്കുമെന്നു നേരത്തെതന്നെ ലോറിയുടമകൾ വ്യാപാരികൾക്ക് മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. സർക്കാർ അനുവാദമില്ലാതെ കൂട്ടരുതെന്ന നിബന്ധനയുണ്ടെങ്കിലും ലോറിയുടമകൾ വാടക കൂടുതൽ കിട്ടാതെ ഓടില്ലെന്ന നിലപാട് എടുക്കുന്നതോടെ പലചരക്ക്, അരി, പച്ചക്കറി സാധനങ്ങൾക്ക് വില കൂട്ടുകയേ മാർഗമുള്ളൂവെന്ന് വ്യാപാരികൾ പറയുന്നു.
ഡീസൽ വിലവർധന വരുന്നതോടെ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ബസുടമകളും രംഗത്തെത്തി. വിദ്യാർഥികളുടെ കണ്സഷൻ ചാർജ് വർധിപ്പിക്കണമെന്നാണു പ്രധാന ആവശ്യം. ഓട്ടോ, ടാക്സി ചാർജുകളിലും വർധന വേണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭൂമി രജിസ്ട്രേഷന്റെയും തുക വൻതോതിൽ വർധിക്കും. ബജറ്റ് പ്രഖ്യാപനം വന്നതിനുപിന്നാലെ രജിസ്റ്റർ ഓഫീസുകളിൽ വൻ തിരക്കാണ്. ബജറ്റ് പ്രഖ്യാപനത്തിനുശേഷം രജിസ്ട്രേഷൻ വകയിൽ 600 കോടി രൂപയാണു സർക്കാരിനു കിട്ടിയത്.
വീട്ടുനികുതിയടക്കം വർധിക്കും. ഇതിനെല്ലാം പിന്നാലെ അവശ്യ മരുന്നുകളുടെ വിലയും 12 ശതമാനം വർധിക്കുകയാണ്. വേദനസംഹാരികൾ, ഹൃദ്രോഗികൾക്കുള്ള മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ എന്നിവ അടക്കമുള്ള മരുന്നുകൾക്കാണു വർധന.
Comments
Post a Comment