മുഖ്യമന്ത്രിക്കെതിരെ ‘ആറ്റംബോംബ്’; സാബുവിന്റെ മനസ്സിലെന്ത്, ട്വന്റി20 നോട്ടമിടുന്നത് ആരുടെ വോട്ട്..??



കൊച്ചി : തന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെയും വൈകാതെ ജയിലിൽ അടയ്ക്കാനുള്ള ആറ്റംബോംബ് കയ്യിൽ ഉണ്ടെന്നുള്ള യുദ്ധപ്രഖ്യാപനമാണ് ട്വന്റി 20 ചീഫ് കോ-ഓർ‍ഡിനേറ്റർ സാബു എം.ജേക്കബ് കഴിഞ്ഞ ദിവസം നടത്തിയത്. അതിനൊപ്പം, രണ്ടു ലോക്സഭാ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പിനൊരുങ്ങുകയാണ് ട്വന്റി 20 പാർട്ടി. ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയുമായി കുന്നത്തുനാട്ടിൽ മത്സരിക്കാനിറങ്ങിയെങ്കിലും ജയം ഇടതുപക്ഷത്തിനൊപ്പം നിന്നു. 
അന്നു മുതൽ കുന്നത്തുനാട്ടിലെ എംഎൽഎ പി.വി.ശ്രീനിജനും സാബു എം.ജേക്കബുമായി കൊമ്പുകോർക്കുന്നുണ്ട്. വിഷയം പലതവണ കോടതി കയറി. ഇപ്പോഴും അതിന്റെ അലയൊലികൾ സംഭവിക്കുന്നു. എന്താണ് ഈ മത്സരം കൊണ്ട് ട്വന്റി20 ലക്ഷ്യമിടുന്നത്? ശത്രുപക്ഷത്ത് നിർത്തിയിരിക്കുന്നത് ഇടതുപക്ഷത്തെയാണെങ്കിലും ട്വന്റി20 പിടിക്കുന്ന ഭൂരിഭാഗം വോട്ടുകളും കോണ്‍ഗ്രസിന്റേതായിരിക്കും എന്നത് കണക്കാക്കുമ്പോൾ ഇത് പ്രധാനമാണ്.   
 *∙ ആദ്യ രംഗപ്രവേശം ആം ആദ്മിയുടേത്* 

ട്വന്റി 20ക്ക് മുമ്പ് സമാന രൂപഭാവങ്ങളോടെ കേരളത്തിൽ അവതരിച്ച ആം ആദ്മി പാർട്ടിയുടെ പ്രവർത്തനം പരിശോധിക്കാം. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തു വന്നത് ആം ആദ്മി പാര്‍ട്ടി സ്ഥാനാർഥിയായി മത്സരിച്ച പ്രശസ്ത മാധ്യമ പ്രവർത്തക അനിത പ്രതാപാണ്. 51,517 വോട്ടുകളായിരുന്നു അനിതയുടെ സമ്പാദ്യം. ശ്രദ്ധേയമായ കാര്യം സ്വതന്ത്ര സ്ഥാനാർഥി കെ.വി.ഭാസ്കരൻ 22,733, എസ്ഡിപിഐ സ്ഥാനാർഥി സുൾഫിക്കർ അലി 14,825, മറ്റൊരു സ്വതന്ത്രൻ രജനീഷ് ബാബു 8,246 വോട്ടുകളും നേടിയിരുന്നു എന്നതാണ്. 2009ല്‍ എൽഡിഎഫിന്റെ സിന്ധു ജോയിക്കെതിരെ കെ.വി.തോമസിന്റെ വിജയം 11,470 വോട്ടുകൾക്ക് മാത്രമായിരുന്നു. 2014ൽ ഇടതു സ്വതന്ത്രൻ ക്രിസ്റ്റി ഫെർ‍ണാണ്ടസിനെതിരെ കെ.വി.തോമസിന്റെ വിജയം 87,047 വോട്ടുകൾക്കും. 


ചാലക്കുടിയിലും സമാനമായ വിധത്തിൽ ആം ആദ്മി പാർട്ടി മത്സരിച്ചിരുന്നു. അന്തരിച്ച പ്രശസ്ത നടൻ ഇന്നസെന്റിനെ അപ്രതീക്ഷിത സ്ഥാനാർഥിയാക്കി ഇടതുപക്ഷം പി.സി.ചാക്കോയെ പരാജയപ്പെടുത്തി. നാലാം സ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയുടെ കെ.എം.നൂറുദ്ദീന് ലഭിച്ചത് 35,189 വോട്ടുകള്‍. ചാക്കോയ്ക്കെതിരെ ഇന്നസെന്റിന്റെ വിജയം 13,884 വോട്ടുകള്‍ക്ക്. ഇവിടെ എസ്ഡിപിഐ സ്ഥാനാർഥി ഷഫീർ മുഹമ്മദിന് 14,386 വോട്ടുകളും വെൽഫയർ പാര്‍ട്ടിയുടെ കെ.അംബുജാക്ഷന് 12,942 വോട്ടുകളും ലഭിച്ചു. 

*ട്വന്റി 20 വരുന്നു*

ഇതിനു തൊട്ടുപിന്നാലെയാണ് എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് ശക്തി തെളിയിച്ചുകൊണ്ട് ട്വന്റി 20 നിലവിൽ വരുന്നത്. കിറ്റക്സ് എം‍ഡി സാബു എം.ജേക്കബ് ആയിരുന്നു പുതിയ പാർട്ടിയുടെ ചീഫ് കോ–‍ഓർഡിനേറ്റർ. തുടക്കത്തിൽ ട്രസ്റ്റായി രൂപീകരിക്കുകയും പിന്നീട് ഇത് രാഷ്ട്രീയ പാർട്ടിയായി രൂപം പ്രാപിക്കുകയുമായിരുന്നു. 

2015ൽ കുന്നത്തുനാടിന്റെ ഭാഗമായ കിഴക്കമ്പലം പഞ്ചായത്തിലെ 19 സീറ്റുകളിൽ 17 എണ്ണവും തൂത്തുവാരിയെങ്കിലും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി 20 മത്സരിച്ചില്ല. എന്നാൽ 2020ൽ‍ കളി മാറി. അതുവരെ കിഴക്കമ്പലത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നവര്‍ അക്കുറി നാലു പഞ്ചായത്തുകളിലാണ് ഭരണം പിടിച്ചത്. ഐക്കരനാട് ഇടതുപക്ഷത്തുനിന്നു പിടിച്ചെടുത്തപ്പോൾ കോൺഗ്രസിന് കുന്നത്തുനാടും മഴുവന്നൂരും നഷ്ടമായി. കിഴക്കമ്പലത്ത് 2015ൽ തന്നെ കോൺഗ്രസിനെ അട്ടിമറിച്ചായിരുന്നു ട്വന്റി 20 വിജയം. വെങ്ങോലയിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കാതിരുന്നിട്ടും എട്ടു സീറ്റുകളിൽ വിജയം കണ്ടതോടെ കുന്നത്തുനാട് നിയമസഭാ സീറ്റില്‍ എന്താകും ഫലം എന്നായിരുന്നു ഏവരുടെയും ആകാംക്ഷ.

എന്നാൽ ട്വന്റി 20 അൽപ്പം കൂടി കടന്നു ചിന്തിച്ചു. കുന്നത്തുനാട് മാത്രമല്ല, സമീപ മണ്ഡലങ്ങളായ കോതമംഗലം, മൂവാറ്റുപുഴ, തൃക്കാക്കര, കൊച്ചി എന്നീ മണ്ഡലങ്ങളിലും ട്വന്റി 20 സ്ഥാനാർഥികളെ നിർത്തി. സ്വാധീനമേഖല എന്നു അവകാശപ്പെട്ടിരുന്ന ചാലക്കുടിയിൽ സ്ഥാനാര്‍ഥിയുണ്ടായില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കുന്നത്തുനാട് മണ്ഡലത്തിലെ ആകെയുള്ള 8 പഞ്ചായത്തുകളിലെ ഫലം വച്ചു നോക്കിയാൽ ഒന്നോ രണ്ടോ ട്വന്റി 20 എംഎൽഎമാർ നിയമസഭയിൽ എത്തും എന്നായിരുന്നു പൊതുവെയുള്ള വിശ്വാസം. നാല് പഞ്ചായത്തുകൾ ട്വന്റി 20യുടെ കയ്യിൽ. സമീപ പഞ്ചായത്തുകളിലും സ്വാധീനം. എന്നാൽ തിരഞ്ഞെടുപ്പു ഫലം മറിച്ചായിരുന്നു. 

സിപിഎം സ്ഥാനാർഥി അഡ്വ. പി.വി.ശ്രീനിജൻ 51,180 വോട്ടുകൾ നേടിയപ്പോൾ സിറ്റിങ് എംഎൽ‍എ വി.പി.സജീന്ദ്രന് ലഭിച്ചത് 48,463 വോട്ടുകൾ. ഇരുവരും തമ്മിലുള്ള വോട്ടു വ്യത്യാസം 2,717. ട്വന്റി 20 സ്ഥാനാർഥി ഡോ. സുജിത് പി.സുരേന്ദ്രന് ലഭിച്ചത് 41,890 വോട്ടുകൾ. ബിജെപിയുടെ രേണു സുരേഷിന് 7056 വോട്ടുകൾ. തലേ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്കുണ്ടായിരുന്ന വോട്ടുകൾ 16,459. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും സ്ഥാനാർഥികളുടെ വോട്ടു വിഹിതവും 2016നെ അപേക്ഷിച്ച് 10,000 വീതം കുറഞ്ഞിരുന്നു. എങ്കിലും കുന്നത്തുനാട്ടിൽ ഇരുമുന്നണികളെയും വിറപ്പിക്കാൻ പറ്റി എന്നതായിരുന്നു ട്വന്റി 20 ഉണ്ടാക്കിയ നേട്ടം.  

 *∙ കഴിഞ്ഞ തവണ തള്ളി, ഇത്തവണ മത്സരരംഗത്ത്* 

2019ൽ മത്സരിക്കാൻ സാധ്യതയുണ്ട് തുടങ്ങിയ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ചാലക്കുടിയിൽ 2019ലെ കോൺഗ്രസ് സ്ഥാനാർഥി ബെന്നി ബഹനാനാണ്. സാബു എം.ജേക്കബുമായി അത്ര രസത്തിലല്ലാതിരുന്ന ബഹനാനെതിരെ ട്വന്റി 20 സ്ഥാനാർഥികളെ നിർത്തി തോൽപ്പിക്കാൻ ശ്രമിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാൽ‍ അതുണ്ടായില്ല. ആ തിരഞ്ഞെടുപ്പിൽ ഇന്നസെന്റിനെ 1,32,274 വോട്ടുകൾക്ക് ബഹനാൻ തോൽപ്പിച്ചു. മൂന്നാം സ്ഥാനത്ത് ബിജെപിയും നാലാം സ്ഥാനത്ത് എസ്ഡിപിഐയും. 


എറണാകുളത്തും ട്വന്റി 20 സ്ഥാനാർഥികളെ നിര്‍ത്തിയില്ല. കോൺഗ്രസിൽ തലമുറമാറ്റം സംഭവിക്കുകയും കെ.വി.തോമസിനു പകരം ഹൈബി ഈഡൻ സ്ഥാനാർഥിയാവുകയും ചെയ്തു. എൽഡിഎഫിന്റെ പി.രാജീവിനെ ഹൈബി പരാജയപ്പെടുത്തിയത് 1,69,153 വോട്ടുകൾക്ക്. മൂന്നാം സ്ഥാനത്ത് ബിജെപിയും നാലാം സ്ഥാനത്ത് എസ്‍ഡിപിഐ സ്ഥാനാർഥിയും.  

പെരുമ്പാവൂർ, അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നീ എറണാകുളം ജില്ലയിലെ ‘ട്വന്റി 20 സ്വാധീന പ്രദേശങ്ങളായ’ മണ്ഡലങ്ങളും ചേരുന്നതാണ് ചാലക്കുടി ലോക്സഭാ മണ്ഡലം. എറണാകുളം ലോക്സഭാ മണ്ഡലത്തിലാകട്ടെ, കളമശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളാണ് വരുന്നത്. ഇതിൽ കൊച്ചി, തൃക്കാക്കര നിയമസഭാ മണ്ഡലങ്ങളിലാണ് ട്വന്റി 20 കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാതെ പോയതും.

അങ്ങനെ കഴിഞ്ഞ തവണ മത്സരിക്കാതിരുന്ന രണ്ടു സീറ്റിലേക്കാണ് സാബു എം.ജേക്കബ് ഇത്തവണ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. 2019ലെ അതേ സ്ഥാനാർഥികള്‍ തന്നെയാണ് രണ്ടു മണ്ഡലത്തിലും കോൺഗ്രസിനു വേണ്ടി രംഗത്തിറങ്ങുന്നത്. ഇടതുപക്ഷം പുതിയ സ്ഥാനാര്‍ഥികളെ പരീക്ഷിക്കുന്നു.  

അപ്പോൾ ഇത്തവണ ചാലക്കുടി, എറണാകുളം ലോക്സഭാ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ രംഗത്തിറക്കിയിരിക്കുന്നതിനു പിന്നിൽ സാബുവിന് മറ്റു ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് സൂചനകൾ. നേരത്തെ സാബുവിനെ ബിജെപി എറണാകുളം മണ്ഡലത്തിലേക്ക് പരിഗണിക്കുന്നു എന്ന വിധത്തിൽ പ്രചരണം നടന്നിരുന്നു. എന്നാൽ താൻ ബിജെപിയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കിഴക്കമ്പലത്തു നടന്ന മഹാസംഗമത്തിൽ സാബു പ്രഖ്യാപിച്ചു.

പിന്നാലെയാണ് പാർട്ടി സ്ഥാനാർഥികളെ രണ്ടു മണ്ഡലങ്ങളിലേക്ക് പ്രഖ്യാപിച്ചതും. എന്നാൽ ഇരുമുന്നണികളുടെയും വോട്ടു വിഹിതം ട്വന്റി 20 കവരുമോ അതോ ഏതെങ്കിലും ഒരു പാർട്ടിക്ക് മാത്രമായി നഷ്ടമുണ്ടാകുമോ? അതോ കാര്യമായ പ്രകടനം കാഴ്ചവയ്ക്കാതെ ട്വന്റി 20 ഇതോടെ അസ്തമിക്കുമോ? ഇതിനെല്ലാം കൂടിയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഉത്തരം നൽകുകയെന്നാണു തിരഞ്ഞെടുപ്പ് നിരീക്ഷകർ പറയുന്നത്.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി