രാഹുൽ വയനാട് ഒഴിഞ്ഞേക്കും; വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കാൻ സാധ്യത

രാഹുൽ വയനാട് ഒഴിഞ്ഞേക്കും; വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കാൻ സാധ്യത
തിരുവനന്തപുരം: രാഹുൽഗാന്ധി വയനാട്ടിൽനിന്ന് വീണ്ടും മത്സരിക്കാൻ സാധ്യതകുറയുന്നു. പകരം കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ എവിടെനിന്നെങ്കിലും മത്സരിച്ചേക്കും. പരമ്പരാഗതമായി മത്സരിച്ചുപോരുന്ന അമേഠിയെക്കൂടാതെയാണ് ദക്ഷിണേന്ത്യയിൽനിന്ന് ഏതെങ്കിലും സീറ്റിൽകൂടി മത്സരിക്കുക. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.


വയനാട് സുരക്ഷിതമണ്ഡലമാണെങ്കിലും പ്രതിപക്ഷകക്ഷികൾ ദേശീയതലത്തിൽ ഇന്ത്യാ മുന്നണിയായി നിൽക്കുകയും കോൺഗ്രസ് അതിന് നേതൃത്വംനൽകുകയും ചെയ്യുമ്പോൾ അതേ മുന്നണിയിലെ കക്ഷിയുമായി രാഹുൽ മത്സരിക്കുന്നത് ഉചിതമാകില്ലെന്ന വിലയിരുത്തലാണ് കോൺഗ്രസ് നേതൃത്വത്തിനുള്ളത്.

രാഹുൽ ബി.ജെ.പി.യുമായി നേരിട്ടുള്ള മത്സരംനടത്തി വർഗീയവിരുദ്ധ പോരാട്ടത്തിന്റെ സന്ദേശംനൽകണമെന്ന അഭിപ്രായവും നേതൃത്വം കണക്കിലെടുക്കുന്നു. കർണാടക, തെലങ്കാന പി.സി.സി.കൾ രാഹുലിനായി സുരക്ഷിതമണ്ഡലങ്ങൾ ഉറപ്പുനൽകുന്നുമുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് വയനാട് ഒഴിവാക്കാനുള്ള ആലോചന നേതൃത്വം പരിഗണിക്കുന്നത്.

കെ.സി. വേണുഗോപാൽ ആലപ്പുഴയിൽനിന്ന് വീണ്ടും മത്സരിക്കാനുള്ള സാധ്യതയേറി. രാഹുൽ വയനാട്ടിൽ മത്സരിക്കുമോയെന്ന ചോദ്യത്തിനുള്ള ഉത്തരത്തിൽനിന്നേ വേണുഗോപാൽ ആലപ്പുഴയിൽ നിൽക്കുമൊയെന്ന കാര്യത്തിലേക്കെത്താനാകൂ. സാമുദായിക സന്തുലനം ഉറപ്പാക്കിയാൽ ആലപ്പുഴയിൽ മത്സരിക്കുന്ന കാര്യം അവിടെനിന്നുള്ള മുൻ എം.പി.യായ വേണുഗോപാലിന്റെ പരിഗണനയിലുണ്ട്.

നിലവിൽ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ മുസ്‌ലിം വിഭാഗത്തിൽനിന്ന് ആരുമില്ല. കഴിഞ്ഞപ്രാവശ്യം ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നില്ലെങ്കിൽ അവിടെ മുസ്‌ലിം വിഭാഗത്തിൽനിന്നുള്ളയാളിന് സീറ്റ് നൽകി ആലപ്പുഴയിൽ വേണുഗോപാൽ മത്സരിച്ചേക്കും. രാഹുൽ വയനാട്ടിൽത്തന്നെ മത്സരിക്കാൻ തീരുമാനിച്ചാൽ ആലപ്പുഴയിൽ മുസ്‌ലിം സ്ഥാനാർഥി വരും. അല്ലെങ്കിൽ ഏതെങ്കിലും സിറ്റിങ് എം.പിയെ മാറ്റേണ്ടിവരും.നേരത്തേ കണ്ണൂരിൽ കെ. സുധാകരൻ മത്സരിക്കുന്നില്ലെങ്കിൽ അവിടെ മുസ്‌ലിം പരിഗണനകൂടി കണക്കിലെടുത്ത് സ്ഥാനാർഥിയെ നിശ്ചയിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ, സുധാകരൻ വീണ്ടും മത്സരിക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചതോടെ ഈവഴിയുള്ള ചർച്ചയടഞ്ഞു.


Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി