ഓൺലൈൻ വായ്പ കെണിയിൽ വീണ് ശ്രീകണ്ഠാപുരം പരിപ്പായി സ്വദേശിനിക്ക് 67,000 രൂപ നഷ്ടപ്പെട്ടു.
ഓൺലൈൻ വായ്പാ തട്ടിപ്പിൽ 67,000 രൂപ നഷ്ടപ്പെട്ടു...
കണ്ണൂർ : ഓൺലൈൻ വായ്പ കെണിയിൽ വീണ് ശ്രീകണ്ഠാപുരം പരിപ്പായി സ്വദേശിനിക്ക് 67,000 രൂപ നഷ്ടപ്പെട്ടു. യുവതി സാമൂഹിക മാധ്യമത്തിൽ കണ്ട പോസ്റ്റർ പ്രകാരം വായ്പ ലഭിക്കാനുള്ള ആപ്പ് ഡൗൺലോഡ് ചെയ്ത് ഒരു ലക്ഷം രൂപ വായ്പക്ക് അപേക്ഷ നൽകി.
ഇതോടെ ഫോട്ടോയും ആധാർ കാർഡിന്റെ കോപ്പിയും അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. അത് അയച്ചു കൊടുത്തതോടെ മറ്റൊരു ലിങ്കിൽ കയറാനുള്ള അറിയിപ്പ് ലഭിച്ചു. അതോടെ വായ്പ പാസായെന്നും അത് ലഭിക്കാൻ നടപടിക്രമങ്ങൾക്കുള്ള ഫീസായി 10,000 രൂപയും ഫോട്ടോയും വേണമെന്നായി.
അതുപ്രകാരം 10,000 രൂപയും ഫോട്ടോയും നൽകിയതോടെ 30,000 രൂപ ആവശ്യപ്പെട്ടു. നിങ്ങളുടെ ഫോട്ടോയും ആധാർ കാർഡും ഞങ്ങളുടെ കൈവശം ഉണ്ടെന്നും പണം തന്നില്ലെങ്കിൽ അത് ദുരുപയോഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി ആണ് തുക ആവശ്യപ്പെട്ടത്.
അതോടെ 30,000 രൂപ നൽകി. പിന്നീട് 27,000 രൂപ കൂടി ആവശ്യപ്പെട്ടായി ഭീഷണി. ആ തുകയും നൽകി. വായ്പയായി പാസായ ഒരു ലക്ഷം രൂപ ലഭിച്ചതുമില്ല. വീണ്ടും പണം തട്ടിയെടുക്കുമെന്ന അവസ്ഥ വന്നതോടെയാണ് ശ്രീകണ്ഠപുരം പോലീസിൽ പരാതി നൽകിയത്. പോലീസ് അന്വേഷണം തുടങ്ങി.
Comments
Post a Comment