കോഴിവില റെക്കോഡിലേക്ക്; ലോബികൾക്ക് കടുംപിടിത്തം, വില നിർണയിക്കുന്നത് തമിഴ്നാട്-കർണാടക ലോബി
കോഴിവില റെക്കോഡിലേക്ക്; ലോബികൾക്ക് കടുംപിടിത്തം, വില നിർണയിക്കുന്നത് തമിഴ്നാട്-കർണാടക ലോബി
കണ്ണൂർ : ചൂടുകൂടുന്നതിനിടയിലും കോഴിയിറച്ചിക്ക് വില പൊള്ളുന്നു. രണ്ടാഴ്ചയായി അടിക്കടി കോഴിവില കുതിക്കുകയാണ്. ജനുവരി അവസാനത്തോടെ 140 -150 രൂപ ചില്ലറ വിൽപനയിലുണ്ടായിരുന്ന ബ്രോയ്ലർ കോഴിവില ചൊവ്വാഴ്‌ച 220 രൂപ വരെയെത്തി.
ഇതേ കാലയളവിൽ 110-120 രൂപയുണ്ടായിരുന്ന ലെഗോൺ കോഴിക്ക് 170-180 രൂപയാണിപ്പോൾ മാർക്കറ്റിൽ. ഫാമുടമകളുടെ തീരുമാനത്തിനനുസരിച്ചാണ് വില കയറുന്നതെന്ന് കച്ചവടക്കാർ പറയുന്നുണ്ടെങ്കിലും ഫാമുടമകൾ ഉൽപാദനം കുറച്ച് കൃത്രിമമായി വില വർധിപ്പിക്കുകയാണെന്നാണ് വിലയിരുത്തൽ. സാധാരണ കോഴിമുട്ടക്ക് വില കയറുന്ന ക്രിസ്മസ്-പുതു വർഷത്തോടനുബന്ധിച്ച് ഡിസംബറിലാണ് ലെഗോൺ കോഴിക്ക് വില വർധിക്കുന്നത്. ഡിസംബറിൽ 160 രൂപവരെയേ ഉയർന്നിരുന്നുള്ളൂ. ചിക്കൻ്റെ വില നിർണയിക്കുന്നതു തമിഴ്‌നാട്-കർണാടക ലോബിയാണ്. മത്സ്യലഭ്യത കുറഞ്ഞതും കോഴി യിറച്ചിക്ക് വില വർധിക്കാൻ കാരണമായെന്ന് വ്യാപാരികൾ പറയുന്നു. കോഴി വ്യാപാരികളുടെ ഇരു സംഘടനകളും അതത് ദിവസത്തെ വില തങ്ങളുടെ അംഗങ്ങളെ അറിയിക്കുന്നുണ്ട്. ഇതുപ്രകാരമാണ് വില ഏകീകരണം നടക്കുന്നത്. വില കൂടാൻ തുടങ്ങിയതോടെ വിപണിയിൽ ചിക്കൻ വ്യാപാരത്തിന് ഇടിവുണ്ടായതായി വ്യാപാരികൾ പറയുന്നു
സംസ്ഥാനത്ത് പ്രധാനമായും കോഴി എത്തുന്നത് തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ്. ചൂട് കൂടുന്നതോടെ ഉൽപാദനം കുറക്കുകയാണ് ഫാം ഉടമകൾ.
ചൂട് കൂടിയതോടെ കോഴികർഷകരും പ്രതിസന്ധിയിലാണ്. ചൂടിൽ കോഴികളുടെ പരിപാലന ചെലവ് കൂടുതലും ചൂട് താങ്ങാനാകാതെ കോഴികൾ ചാകുന്നതും കോഴികർഷകർക്ക് തിരിച്ചടിയാണ്. ചൂടു കൂടുമ്പോൾ കോഴികൾ തീറ്റയെടുക്കാതെ വെള്ളം കൂടുതലായി കുടിക്കുന്നതിനാൽ തൂക്കം ഗണ്യമായി കുറയും. ചൂടുകൂടുന്നതിനാൽ ഡിമാൻഡ് കുറവാണെങ്കിലും ലോബികൾ വില കുറക്കാൻ തയാറാകുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. സംസ്ഥാനത്ത് കോഴി വില സർവകാല റെക്കോഡിലെത്തിയത് കഴിഞ്ഞ ജൂണിലാണ്
അന്ന് കിലോക്ക് ബ്രോയ്‌ലർ ഇറച്ചിക്ക് 240 മുതൽ 260 വരെയായിരുന്നു വില. കൃത്രിമ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ കച്ചവടക്കാർ മൂന്നു ദിവസം കടയടച്ച് പ്രതിഷേധ സമരം നടത്തിയിരുന്നു. വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്നാണ് ആരോപണം.
Comments
Post a Comment