ഭിന്നശേഷിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ മുടങ്ങി; പെന്‍ഷന്‍ കുടിശ്ശിക 339.3 കോടി...

ഭിന്നശേഷിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ മുടങ്ങി; പെന്‍ഷന്‍ കുടിശ്ശിക 339.3 കോടി...


കോഴിക്കോട് : പെൻഷനുകൾ ഉൾപ്പെടെ ഭിന്നശേഷിക്കാർക്കുള്ള മൂന്ന് പ്രധാന ആനുകൂല്യങ്ങൾ മുടങ്ങി. 1600 രൂപയുടെ പ്രതിമാസപെൻഷൻ മുടങ്ങിയിട്ട് അഞ്ചുമാസമായി. 339.3 കോടി രൂപയാണ് പെൻഷൻ ഇനത്തിൽ കുടിശ്ശികയായിട്ടുള്ളത്.

മുമ്പ് സാമൂഹിക സുരക്ഷാ പെൻഷനെക്കാൾ കൂടിയ തുക ഭിന്നശേഷി പെൻഷൻ നൽകുമായിരുന്നു. ഇപ്പോൾ അത് 1600 രൂപയായി ഏകീകരിച്ചു. സാമൂഹിക സുരക്ഷാ പെൻഷൻ മുടങ്ങുമ്പോൾ 21 വിഭാഗത്തിൽപ്പെടുന്ന ഭിന്നശേഷിക്കാർക്കും അതു കിട്ടാതാവുന്നു. ഓഗസ്റ്റിനുശേഷം ഈ പെൻഷൻ നൽകിയിട്ടില്ല.

കിടപ്പുരോഗികളോ ശയ്യാലവംബികളോ ആയ തീവ്രഭിന്നശേഷിക്കാർക്കുള്ള 600 രൂപയുടെ ആശ്വാസകിരണം പെൻഷൻ മുടങ്ങിയിട്ട് മൂന്നുവർഷമായി. കഴിഞ്ഞ സാമ്പത്തികവർഷം മുൻകാല കുടിശ്ശികയിൽ ഒരുവർഷത്തെ തുക കുറേപ്പേർക്ക് നൽകിയിരുന്നു. ബഹുഭൂരിപക്ഷം പേർക്കും അന്ന് നൽകിയ 7200 രൂപ കിട്ടിയില്ല. 2018-നു ശേഷം ആശ്വാസകിരണം പെൻഷനുവേണ്ടി അപേക്ഷ സ്വീകരിച്ചിട്ടുപോലുമില്ല.

ഭിന്നശേഷിക്കാർക്കുള്ള നിരാമയ ആരോഗ്യ ഇൻഷുറൻസ് പ്രീമിയവും വർഷംതോറും പുതുക്കാനുള്ള തുകയും ബി.പി.എലുകാർക്ക് സർക്കാർ നൽകുമായിരുന്നു. ഒരുവർഷമായി അതും മുടങ്ങി. ഇതിൽ എന്റോൾ ചെയ്തവർക്ക് ഒരുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്.

നിരാമയയിൽ എന്റോൾ ചെയ്യുന്നതിന് ബി.പി.എൽ. വിഭാഗത്തിന് 250 രൂപയും എ.പി.എൽ.വിഭാഗത്തിന് 500 രൂപയുമാണ് പ്രീമിയം.

ഇത് പുതുക്കുന്നതിന് ബി.പി.എൽ. വിഭാഗത്തിന് 50 രൂപയും എ.പി.എൽ. വിഭാഗത്തിന് 250 രൂപയുമാണ് ഈടാക്കുന്നത്. സാമൂഹികനീതി വകുപ്പ് പ്രീമിയവും റിന്യൂവൽചാർജും സൗജന്യമായി നൽകിവന്നിരുന്നു. ഒരു വർഷമായി അതില്ല. അതിനാൽ ഭിന്നശേഷിക്കാർതന്നെ ഇതും അടയ്ക്കേണ്ടിവരുന്നു.

ഭിന്നശേഷിക്കാർക്കുള്ള ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത് നിയമവിരുദ്ധമാണ്. എന്നാൽ കാര്യമായ സർക്കാർ ആനുകൂല്യങ്ങളൊന്നും ഭിന്നശേഷിക്കാർക്ക് ഇപ്പോൾ കിട്ടുന്നില്ല.

         *നിർഭാഗ്യകരം*

ഭിന്നശേഷിക്കാർക്കുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുന്നത് നിർഭാഗ്യകരമാണ്. സർക്കാർ അനുഭാവപൂർവം തീരുമാനമെടുക്കണം., - സി.കെ. അബൂബക്കർ (മെമ്പർ, അഡൈ്വസറി ബോർഡ് ഓൺ ഡിസെബിലിറ്റി)

    *കണക്കുകൾ ഇങ്ങിനെ*

സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ എണ്ണം 8,64,316

ഭിന്നശേഷി പെൻഷന് അർഹരായ ഗുണഭോക്താക്കൾ 3,89,531

പെൻഷൻ കൈപ്പറ്റുന്നവർ 3,57,995

നിരാമയ ഗുണഭോക്താക്കൾ 1,08,952

 ആശ്വാസകിരണം പദ്ധതി ഗുണഭോക്താക്കൾ19,229

ഭിന്നശേഷി പെൻഷൻ കുടിശ്ശികയായ തുക 311.62 കോടി

ആശ്വാസകിരണം പെൻഷൻ കുടിശ്ശിക 27.68 കോടി

Comments

Popular posts from this blog

പയറ്റുചാൽ സെന്റ് സെബാസ്റ്റ്യൻസ് കുരിശുപള്ളിയിൽ തിരുന്നാൾ ആഘോഷം

ഇവരുടെ വിധി നാളെ അറിയിക്കും; ബന്ദികളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്

ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ 65കോടിയുടെ കെട്ടിടസമുച്ചയത്തിനുള്ള പ്രവ്യത്തി ടെണ്ടർ ചെയ്തു

ചോദ്യപേപ്പർ അച്ചടിക്കാൻ 10 രൂപ നൽകണം ; വിദ്യാർഥികളിൽ നിന്ന് പണം പിരിക്കാൻ സർക്കാർ

കര്‍ഷകന്റെ കണ്ടുപിടിത്തങ്ങള്‍ മുതുകുളത്തില്‍ ജോസഫ് (കുഞ്ഞേട്ടന്‍)