57 കള്ളവോട്ടുകളുടെ കേസ്, 68ാം വട്ടവും മാറ്റി!മാറ്റിയത് 2014 ലോക്സഭാ തെരഞ്ഞെടുപ്പിലെ കള്ളവോട്ട് കേസ്
57 കള്ളവോട്ടുകളുടെ കേസ്, 68ാം വട്ടവും മാറ്റി!*
*മാറ്റിയത് 2014 ലോക്സഭാ തെരഞ്ഞെടുപ്പിലെ കള്ളവോട്ട് കേസ്
കണ്ണൂർ: 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിലെ ഏരുവേശ്ശി കെകെഎൻഎം എയുപി സ്കൂളിലെ 109ാം ബൂത്തിൽ സിപിഎം 57 കള്ളവോട്ടുകൾ ചെയ്തെന്ന കേസ് വീണ്ടും മാറ്റി. ഇത് 68ാം തവണയാണ് കേസ് മാറ്റി വയ്ക്കുന്നത്! ഏപ്രിൽ അഞ്ചിലേക്കാണ് കേസ് ഇപ്പോൾ മാറ്റിയത്.
കള്ളവോട്ട് നടന്നെന്ന പേരിൽ അഞ്ച് പോളിങ് ഉദ്യോഗസ്ഥർ പ്രതികളായ കേസാണിത്. കെ സുധാകരനെതിരെ പികെ ശ്രീമതി 6,566 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് ജയിച്ചത്.
അന്നത്തെ കോൺഗ്രസ് എരുവേശ്ശി മണ്ഡലം പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളിയുടെ പരാതിയിലാണ് കേസ്. നാട്ടിൽ ഇല്ലാത്തവരുടെ വോട്ടുകൾ സിപിഎം പ്രവർത്തകർ ചെയ്തെന്നാണ് പരാതി. ഇവരിൽ 27 പേർ ഗൾഫിലും 27 പേർ വിവിധ സംസ്ഥാനങ്ങളിലും മൂന്ന് പേർ പട്ടാളത്തിലും ജോലി ചെയ്യുന്നവരാണ്.
തെരഞ്ഞെടുപ്പ് ദിവസമായ 2014 ഏപ്രിൽ 10നു വൈകീട്ടു തന്നെ ജോസഫ് കൊട്ടുകാപ്പള്ളി കുടിയാന്മല പൊലീസിൽ പരാതി നൽകി. കള്ളവോട്ട് ചെയ്തവരുടെ പട്ടിക തയ്യാറാക്കി 13നു രാവിലെ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തു. എഫ്ഐആർ ഇട്ടു കേസെടുക്കാൻ കോടതി കുടിയാന്മല പൊലീസിനു നിർദ്ദേശം നൽകി.
ബൂത്ത് ചുമതലയുണ്ടായിരുന്ന അന്നത്തെ ബിഎൽഒ ഉൾപ്പെടെ 25 പേർക്കെതിരെ പൊലീസ് അന്വേഷണം നടത്തി. ഇവർ 19 പേർ കള്ളവോട്ട് ചെയ്തതായി പറയപ്പെടുന്ന സിപിഎം പ്രവർത്തകരും അഞ്ച് പേർ സഹായികളുമാണ്. എന്നാൽ ബിഎൽഒയെ മാത്രമാണ് പ്രതി ചേർത്തത്.
വോട്ട് ചെയ്തതിനു തെളിവായി അടയാളപ്പെടുത്തിയ പട്ടികയുടെ മാർക്ക്ഡ് കോപ്പിയും പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാൻ കയറുമ്പോൾ ഒപ്പിട്ട രജിസ്റ്ററും ഇല്ലാതെ നടപടിയെടുക്കാൻ സാധിക്കില്ലെന്നാണ് പൊലീസ് നിലപാട്. ഇതിനെതിരെ 2015ൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു.
ഈ രേഖകൾ കൈമാറാൻ 2016ൽ ജില്ലാ കലക്ടറോടും എസ്പിയോടും കോടതി നിർദ്ദേശിച്ചു. നടപിക്രമങ്ങൾ പാലിക്കാൻ വൈകിയതോടെ പരാതിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചു. ഇരു കോപ്പികളും ഉൾപ്പെടുത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. തുടർന്നാണ് ബിഎൽഒ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Comments
Post a Comment