ചൂട് സഹിക്കാവുന്നതിലും അപ്പുറം, ഈ ലക്ഷണങ്ങളെ അവ​ഗണിക്കരുത്

ചൂട് സഹിക്കാവുന്നതിലും അപ്പുറം, ഈ ലക്ഷണങ്ങളെ അവ​ഗണിക്കരുത്

കത്തുന്ന മീനവെയിലിൽ ചൂട് സഹിക്കാവുന്നതിനും അപ്പുറത്തേക്ക്. അന്തരീക്ഷ താപം ക്രമാതീതമായി ഉയരുന്നതിനാൽ സൂര്യാതപം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത ഉണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ:

▲പൊള്ളിയഭാഗത്തെ കുമിളകൾ പൊട്ടിക്കരുത്.

▲ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങ വെള്ളം, കരിക്കിൻ വെള്ളം, ഒ ആർ എസ് തുടങ്ങിയവ ധാരാളമായി കുടിക്കണം. വിശ്രമിച്ച ശേഷവും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടണം.

▲കൂടുതലായി ഉണ്ടാകുന്ന വിയർപ്പിനെ തുടർന്ന് ശരീരം ചൊറിഞ്ഞ് തിണർത്ത് കുട്ടികളിൽ ചൂടുകുരു (ഹീറ്റ് റാഷ്) കാണാറുണ്ട്. ഈ അവസരത്തിൽ അധികം വെയിൽ ഏൽക്കാതിരിക്കുകയും തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ ഈർപ്പ രഹിതമായി സൂക്ഷിക്കുകയും വേണം.

▲യാത്രാവേളകളിൽ കുട ഉപയോഗിക്കുകയും നിർജലീകരണം തടയാനായി കൈയിൽ എപ്പോഴും വെള്ളം കരുതുകയും വേണം.
തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

▲കട്ടികുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.

▲രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് വരെയുള്ള സമയം നേരിട്ടുള്ള വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.

▲പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗം ഉള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.

▲വീടിന്റെ വാതിലുകളും ജനാലകളും തുറന്നിടണം. ക്ഷീണമോ സൂര്യാതപം ഏറ്റതായി തോന്നുകയോ ചെയ്താൽ തണലിൽ മാറിയിരുന്ന് വിശ്രമിക്കണം.

▲കുട്ടികളെ വെയിലത്ത് കളിക്കാൻ വിടുകയോ വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ഇരുത്തിയിട്ട് പോകുകയോ ചെയ്യരുത്.

▲കടകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ ഐസ് ശുദ്ധജലത്തിൽ ഉണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തണം.

▲വീട്ടിലെ ചടങ്ങുകളിലും ആഘോഷങ്ങളിലും ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തിൽ ഉണ്ടാക്കിയതാണെന്നും ഉറപ്പാക്കണം.

▲ഇടയ്ക്കിടെ വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും വേണം.

▲ശരീരത്തിൽ ജലാംശം നിലനിർത്താനായി ചൂടുകാലത്ത് കൂടുതലായി പഴങ്ങളും സാലഡുകളും കഴിക്കാം.

ഈ ലക്ഷണങ്ങളെ അവഗണിക്കരുത്: ശരീര ശോഷണം, ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടുംമഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യാതപത്തിന്റെ ലക്ഷണങ്ങൾ. കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യുമ്പോൾ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങളിൽ സൂര്യാതപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യും.

──

Comments