നാട്ടുകാർക്ക് ആശ്വാസമായി കർഷക രക്ഷാസേന
നാട്ടുകാർക്ക് ആശ്വാസമായി കർഷക രക്ഷാസേന
പാതിരാത്രി കഴിയുന്ന നേരത്ത് റബ്ബർ വെട്ടാനായി ഒട്ടുപാൽ പറിക്കുമ്പോൾ ചില്ലു പറിഞ്ഞുവന്ന് കയ്യിലടിക്കുന്ന ചില സമയങ്ങൾ ഉണ്ട്. സകല ദൈവങ്ങളെയും നമ്മൾ ഒരുമിച്ചു വിളിക്കുകയും വേദന അടക്കിവെച്ച് പണി വീണ്ടും എടുക്കേണ്ടി വരികയും ചെയ്യുന്ന നിസ്സഹായ സമയം. തണുപ്പുകാലമാണെങ്കിൽ ഈ വേദനയുടെ അളവ് പറഞ്ഞറിയിക്കാൻപറ്റില്ല. ആഴത്തിലുള്ള മുറിവ് ഉണങ്ങാൻ ദിവസങ്ങൾ എടുക്കും. ഉണങ്ങിയാൽ വീണ്ടും അടുത്ത അടി എപ്പോ വരും എന്ന് പറയാൻ പറ്റില്ല.
കൊച്ചു വെളുപ്പാൻകാലത്ത് റബ്ബർതോട്ടത്തിലൂടെ ഉള്ള ഓട്ടത്തിൽ പാമ്പിനെയും തേളിനെയും പഴുതാരയെയും പട്ടിയെയും എല്ലാം പേടിക്കണം ഒരു ടാപ്പിംഗ്കാരൻ... സമയത്തു പണി തീർത്തില്ലെങ്കിൽ ഉത്പാദനം കുറയും എന്ന പേടി. തന്നെയുമല്ല വേറെ പണിക്കു പോകേണ്ടവരും ഉണ്ടാകും. ടാപ്പിംഗ് കഴിഞ്ഞു പാലെടുക്കുന്ന ഗ്യാപ്പിൽ ആണ് മറ്റുപല പ്രധാന തൊഴിലുകളും പലരും തീർക്കുന്നത്. മക്കളെ സ്‌കൂളിൽ വിടേണ്ടവർ, വളരെ പ്രായമായ മാതാപിതാക്കളെ അല്ലെങ്കിൽ കിടപ്പുരോഗികളെ ശുശ്രുഷിക്കേണ്ടവർ...
പറഞ്ഞുവരുന്നത് റബ്ബർ തോട്ടത്തിലൂടെ ഓടുന്ന ഒരു പാവപ്പെട്ടവൻ്റെ ജീവിതം ആര് കാണാനാണ് എന്നാണ്. എല്ലാവരും കിടന്നുറങ്ങുമ്പോൾ ഉറങ്ങാൻ ആഗ്രഹം ഉണ്ടായിട്ടും അവൻ പട്ടിയെ പോലെ പായേണ്ടിവരുന്നു.പ്രായവും അവശതകളും ഒന്നും നോക്കാതെ എല്ലാക്കാലവും..!!! രഘുച്ചേട്ടൻ പണിത പഴയ റബ്ബർ കത്തിയാണ് പലർക്കും ഇന്നും ആശ്രയം. അതിൽ പൊട്ടിയ കോപ്പയുടെയോ ടൈലിൻ്റെയോ സാൻഡ് പേപ്പറിന്റെയോ കഷണമിട്ട് ഒരു തേപ്പിൽ തുടങ്ങും കൊച്ചുവെളുപ്പാൻകാലത്തെ ജീവിതം. ഓട്ടത്തിനിടയിൽ കേൾക്കുന്ന ഒട്ടുപാൽ കൂടയിലെ കിലുക്കം ആർക്കും ഒരു മധുരസംഗീതമായി ഒന്നും തോന്നാറില്ല.
മഴക്കാലത്തുപോലും ടാപ്പിംഗ് ചെയ്യേണ്ട അവസ്ഥ. വിലയോ തുച്ഛം പണിയോ മിച്ചം എന്ന അവസ്ഥ..!!! പലർക്കും മഴക്കോട്ടോ, ഹൈടെക് ഹെഡ്‍ലൈറ്റോ, ബൂട്ടോ ഒന്നും കാണില്ല. മിക്കവരും തലയിൽ ഒരു ഉണക്ക തോർത്തും കെട്ടി പഴയ റബ്ബർപാൽ പുരണ്ട ഷർട്ടും കൈലിമുണ്ടും ധരിച്ചാണ് റബർ തോട്ടത്തിലേക്ക് ഓടുന്നത്.
ഇരുന്നൂറു മുതൽ ആയിരം വരെയൊക്കെ റബർ ടാപ്പ് ചെയ്യുന്ന പാവം ചേട്ടന്മാർ (ചില ചേച്ചിമാരും) നമ്മുടെയൊക്കെ ചുറ്റുമുണ്ട്. അലക്കി തേച്ചു നടക്കാൻ ആഗ്രഹം ഒന്നും ഇല്ലാഞ്ഞിട്ടല്ല അവരൊക്കെ ഈ പഴഞ്ചൻ പണി എടുക്കുന്നത്. ജീവിക്കാൻ വേറെ വഴിയില്ല, അതുതന്നെ…!!! മക്കളെ നല്ലപോലെ പഠിപ്പിക്കണം, അസുഖക്കാർക്കു മരുന്ന് വാങ്ങണം, എന്തെങ്കിലും അല്പം മിച്ചം പിടിച്ചു വെക്കണം, വീട്ടു ചെലവ് നടക്കണം, തെണ്ടാൻ വയ്യ എന്നതൊക്കെ തന്നെയാണ് അവരുടെ കാരണങ്ങൾ...
ഇനി കാര്യത്തിലേക്കു വരാം. പതിനെട്ട് പേരടങ്ങുന്ന ഒരു രക്ഷാസേന പുലിക്കുരുമ്പ നാട്ടിൽ ഇറങ്ങി എന്ന് പറഞ്ഞു ഒരു പാവം കർഷകൻ രാവിലെ വിളിച്ചിരുന്നു. മുട്ടത്തിലെ ബെന്നി ചേട്ടൻ്റെ നേതൃത്വത്തിൽ അവർ ഒരു രണ്ടു പന്നിയെ ശരിയാക്കി എന്നും അദ്ദേഹം ആവേശത്തോടെ പറഞ്ഞു. ഒരു സാധാരണ കർഷകൻ്റെ എല്ലാ ആധിയോടെയുമായിരുന്നു ആ പാവം വിളിച്ചത്. രക്ഷാസേന ഇറങ്ങിയതിലുള്ള സന്തോഷം, ആശ്വാസം, പ്രതീക്ഷ എല്ലാം ആ വാക്കുകളിൽ ഉണ്ടായിരുന്നു. സ്വന്തം തോട്ടത്തിൽ പേടിച്ചിട്ടു ഇറങ്ങാൻ പറ്റാത്ത അവസ്ഥയിൽ കഴിയുമ്പോൾ രക്ഷാസേനക്കാർ നാട്ടിൽ ഇറങ്ങിയത്. ഇനി വീണ്ടും പഴയതുപോലെ പണിക്കിറങ്ങാം എന്നൊരു ധൈര്യമായി...
പ്രിയപ്പെട്ട രക്ഷാസേന അംഗങ്ങളെ... ഇനി നിങ്ങളുടെ തോക്കിൻ്റെ തണലിൽ ആണ് അവരുടെ ജീവനും പ്രതീക്ഷയും വരുമാനവും എല്ലാം…. വെടിയൊച്ചകളെ ഭയക്കുന്ന നാടുകളിൽനിന്നും വ്യത്യസ്തമായി അത് കേൾക്കാൻ വേണ്ടി ഇന്ന്പല കർഷകരും ഇവിടെ കാത്തിരിക്കുന്നു...
ജീവിക്കാൻ റബർ തോട്ടത്തിലൂടെ പായുന്ന ഒരു പാവം കർഷകൻ്റെ നെഞ്ചിനുനേരെയും ഒരു കാട്ടുപന്നിയുടെയും തേറ്റ ഇനി ഉയരാൻ പാടില്ല. നമ്മുടെ സ്വന്തം മണ്ണിൽ നമ്മുടെ ചോര കൃഷിക്കായി അല്ലാതെ വീഴരുത്. കാട്ടുപന്നിയുടെ മുന്നിൽ അടിയറ വെക്കാൻ അല്ല നമ്മൾ കുടിയേറിയതും കൊടുംകാടുകൾ വെട്ടിത്തെളിച്ചു, മഹാമാരികളെ നേരിട്ടു, ജീവിതം പടുത്തുയർത്തിയതും. നിയമം അനുശാസിക്കുന്ന രീതിയിൽ ഈ പന്നികളെ കാലപുരിക്കയക്കാൻ നമ്മുടെ ലൈസൻസ് നേടിയിട്ടുള്ള ചെറുപ്പക്കാർക്ക് കഴിയട്ടെ.
കൂടുതൽ കർഷകർക്ക് തോക്കു ലൈസൻസ് ലഭ്യമാക്കാൻ നടപടികൾ വേണം. പിടിച്ചുവച്ചിരിക്കുന്ന തോക്കുകൾ റിലീസ് ചെയ്യണം എന്നത് കാലങ്ങളായുള്ള നമ്മുടെ നാടിന്റെ ആവശ്യം ആണ്. പിറന്ന മണ്ണിൽ പിടിച്ചു നില്ക്കാൻ ഇനി നമ്മൾ ഇറങ്ങിയേ തീരൂ... ഓർക്കുക നമ്മുടെ മക്കൾക്ക് ഇന്ന് റബ്ബർ ടാപ്പിംഗ് അറിയില്ല. പാലെടുക്കാൻ അറിയില്ല, ഷീറ്റ് അടിക്കാൻ അറിയില്ല, ഉണക്കാനോ, തലയിൽ ചുമന്നു കൊണ്ടുപോയി കടയിൽ വിൽക്കാനോ അറിയില്ല. അഥവാ അറിയുമെങ്കിൽ തന്നെ നമ്മൾ ആരും അതൊന്നും ചെയ്യാൻ പ്രോത്സാഹിപ്പിക്കാറില്ല.
ഏതാനും പാവപ്പെട്ട കർഷകർ മാത്രമേ ഈ ഫീൽഡിൽ ഇനി ബാക്കി ഉള്ളു. പിന്നെ റബർ ടാപ്പിംഗ് ഉപജീവനമാർഗമായി സ്വീകരിച്ചിരിക്കുന്ന കുറച്ചു പാവം തൊഴിലാളികളും, സ്ത്രീകളും..!! അവരെ കാണാതിരിക്കാൻ നമ്മൾക്ക് ആവില്ലല്ലോ? റബ്ബറിന് ന്യായവില തേടി നമ്മൾ മുട്ടാത്ത വാതിലുകൾ ഇല്ല... കേൾക്കാത്ത പഴിയില്ല… ഒരുത്തനും അതിൽ താല്പര്യമില്ല എന്ന് മാത്രമല്ല തിരഞ്ഞെടുപ്പ് വരുമ്പോൾ നമ്മളെ പറ്റിക്കാൻ ഇതൊരു ആയുധമാക്കുകയും ചെയ്യും.
നമ്മൾ ഇറങ്ങിയില്ലെങ്കിൽ നമുക്ക് വേണ്ടി പറയാൻ ആരും കാണില്ല. റബ്ബർ തോട്ടത്തിലേക്കിറങ്ങുന്ന അപ്പൻ്റെ, അമ്മയുടെ വേദന അറിയുന്ന മക്കളുണ്ടെങ്കിൽ നിങ്ങൾ ശബ്ദമുയർത്തണം. റബ്ബർ വെട്ടി, അടിച്ചുണക്കി, തലച്ചുമടായി കാക്കനാട്ടെ വിൽസൻ ചേട്ടന്റെ കടയിൽ കൊണ്ടുപോയി കൊടുത്ത് ആ പൈസകൊണ്ട് പതിനഞ്ചു വർഷം മുൻപ് മാധ്യമ പ്രവർത്തനം പഠിച്ച ഒരാളാണ് ഞാൻ. എൻ്റെ രണ്ടു സഹോദരന്മാരും അങ്ങനെ തന്നെയാണ് വളർന്നത്. അപ്പൻ കഷ്ടപ്പെടുന്നതു കണ്ടിട്ടുതന്നെയാണ് ഞങ്ങളും റബ്ബർ കത്തിയെടുത്തത്.അമ്മ ബക്കറ്റുകളിൽ ശേഖരിച്ചു കൊണ്ടുവന്ന റബർപാൽ ഉറയൊഴിച്ചാണ് ഞങ്ങൾ ജീവിതം കരുപ്പിടിപ്പിച്ചത്. ഇത്രയുമെങ്കിലും എഴുതിയില്ലെങ്കിൽ നീതികേടാകും എന്ന് കരുതി...
നാട്ടിലെ പാവപ്പെട്ടവന്റെ കാവൽക്കാരായി ഇറങ്ങിയ രക്ഷാസേനയിലെ അംഗങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്…പഞ്ചായത്തിലെ പ്രിയപ്പെട്ട ഭരണാധികാരികൾക്ക് നന്ദി… മുട്ടത്തിലെ ബെന്നി ചേട്ടൻ്റെ മകൻ ഒരു ഷാർപ്പ് ഷൂട്ടർ ആയി വളർന്നു വരുന്നു എന്ന് അറിയാൻ കഴിഞ്ഞതിലും വലിയ സന്തോഷം. നമ്മൾ ഇനിയെങ്കിലും വളരണം. എങ്കിലേ തളർത്താൻ നോക്കുന്നവരുടെ മുന്നിൽ തലയുയർത്തി നിൽക്കാൻ കഴിയൂ. സമയം ഇനിയും വൈകിയിട്ടില്ല…..
…………………...
Comments
Post a Comment