കര്‍ഷകന്റെ കണ്ടുപിടിത്തങ്ങള്‍ മുതുകുളത്തില്‍ ജോസഫ് (കുഞ്ഞേട്ടന്‍)
തെങ്ങുകയറ്റ യന്ത്രം മുതല്‍ കൊതുക് നശീകരണ ലായനി വരെ ഒരു ഡസനോളം കണ്ടു പിടുത്തങ്ങളുടെ ഉടമയായിരുന്നു ചെമ്പേരി പുറഞ്ഞാണില്‍ നിര്യാതനായ മുതുകുളത്തില്‍ ജോസഫ് (കുഞ്ഞേട്ടന്). കുഞ്ഞേട്ടന്‍ എന്ന ശാസ്ത്ര പ്രതിഭയെ പ്രശസ്തനാക്കിയത് തെങ്ങുകയറ്റ യന്ത്രത്തിന്റെ കണ്ടുപിടുത്തമാണ്. അക്കാദമിക്ക് അറിവോ ശാസ്ത്ര വിദ്യാഭ്യാസമോ ഇല്ലാത്ത ഈ കുടിയേറ്റ കര്ഷകനെ കാര്ഷിക വൃത്തി അനായാസമാക്കാനുള്ള പരിശ്രമമാണ് കാര്ഷികോപകരണ കണ്ടുപിടുത്തങ്ങളുടെ കാരണവരാക്കിയത്.
1976 ലാണ് തെങ്ങുകയറ്റുയന്ത്രം കണ്ടുപിടിച്ചത് . കാസര്ഗോഡ് സി പി സി ആര്‍ ഐ കാര്ഷികോപകരണങ്ങളുടെ പ്രദര്ശനം നടത്തിയപ്പോള്‍ കമ്പിയും കയറും ഉപയോഗിച്ച് നിര്മ്മിച്ച് കുഞ്ഞേട്ടന്‍ കൊണ്ടു പോയ തെങ്ങുകയറ്റ യന്ത്രത്തിന് പ്രോത്സാഹന സമ്മാനം ലഭിച്ചു . അതോടെ കുഞ്ഞേട്ടന്‍ ജീവിതം കണ്ടു പിടുത്തങ്ങള്ക്ക് സമര്പ്പിക്കുകയായിരുന്നു. വീടിനോട് ചേര്ന്ന് സെന്റ്മേരീസ് ഇന്ഡസ്ട്രീസ് എന്ന പേരില്‍ പരീക്ഷണ ശാല നിര്മ്മിച്ച് പരീക്ഷണം തുടര്ന്നു. യന്ത്രത്തില്‍ കയറിനു പകരം കമ്പി ഉപയോഗിച്ച് പരിഷ്കരിച്ചു. ഈ യന്ത്രമാണ് ലോകം ശ്രദ്ധിച്ചത്.
1985 ല്‍ ഗ്രാമീണ കണ്ടു പിടുത്തങ്ങള്ക്കുള്ള ദേശീയ അവാര്ഡ് രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങി. നാഷണല്‍ ഇനോവേഷന്‍ ഫൌണ്ടേഷന്‍ പുരസ്കാരവും കുഞ്ഞേട്ടനെ തേടിയെത്തി . തെങ്ങുകയറ്റ യന്ത്രത്തിനു പുറമേ കവുങ്ങ് കയറ്റ യന്ത്രം, കറവ യന്ത്രം, അടയ്ക്ക പൊളിക്കുന്ന യന്ത്രം, എളുപ്പത്തില്‍ റബര്‍ പാല്‍ ശേഖരിക്കാനുള്ള സംവിധാനം കൈകൊണ്ടു പ്രവര്ത്തിക്കുന്ന അലക്കു യന്ത്രം, പന്തലില്‍ കുരുമുളക് കൃഷി നടത്തുന്ന രീതി, കൊതുക് നശീകരണ ലായനി. എന്നിവ കുഞ്ഞേട്ടന്റെ കണ്ടുപിടുത്തങ്ങളുടെ പട്ടികയിലുണ്ട്. തെങ്ങ്, കവുങ്ങ്, യന്ത്രങ്ങളും കൊതുക് ലായനികളും വിപണിയില്‍ ലഭ്യമാണ്.
കാര്ഷിക സര്‍വ്വകലാശാലയും പന്നിയൂര്‍ കാര്ഷിക ഗവേഷണ കേന്ദ്രവും ചേര്ന്ന് സംഘടിപ്പിച്ച കാര്ഷിക സെമിനാറില്‍ കേരളത്തിലെ ആദ്യത്തെ ദര്‍ പുരസ്കാരം കുഞ്ഞേട്ടനു ലഭിച്ചു. കര്ഷക സംഗമ അവാര്ഡ്,കേരളീയനാട് ശാസ്ത്ര സാങ്കേതിക അവാര്ഡ്, കാര്ഷിക മേള അവാര്ഡ് കേരള കര്ഷക സംഘം അവാര്ഡ്. ഇന്ഫാം കാര്ഷിക അവാര്ഡ്, തലശ്ശേരി രൂപതാ സുവര്ണ്ണ ജൂബിലി പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരം കുഞ്ഞേട്ടനെ തേടിയെത്തിയിട്ടുണ്ട്.
Comments
Post a Comment