റബർ വിലയിൽ വർധന കർഷകർക്ക് പ്രതീക്ഷ...

റബർ വിലയിൽ വർധന കർഷകർക്ക് പ്രതീക്ഷ...
 



 കോട്ടയം : റബർ കർഷകർക്ക് നേരിയ പ്രതീക്ഷയുടെ നാളുകൾ. റബറിന്റെ വിലയിൽ നേരിയ വർധനയുണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ രാജ്യാന്തര- ആഭ്യന്തര സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ കുറച്ചു നാളത്തേക്ക് റബർവില ഉയർന്നു നിൽക്കാനാണ് സാധ്യതയെന്ന് മേഖലയിലുള്ളവരും വിലയിരുത്തുന്നു. ഇന്നലെ കോട്ടയം, കൊച്ചി മാർക്കറ്റിൽ ആർഎസ്എസ്–4ന് 160.50രൂപയാണ് വില. റബർ പാൽ വില 155ൽ എത്തി.
വിപണിയിൽ റബർ എത്തുന്നത് കുറഞ്ഞതു കൊണ്ടാണ് വില കൂടിയത്. ചൂടു കൂടിയതു മൂലം റബറിന്റെ ഉൽപാദനത്തിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. രാജ്യാന്തര മാർക്കറ്റ് വില ഉയർന്ന് കഴിഞ്ഞദിവസം 162.50 രൂപയായിരുന്നു. ഇറക്കുമതി 15% കുറഞ്ഞതും ആഭ്യന്തര വിപണിക്ക് ഗുണകരമാണ്. റബർ ഉൽപന്നങ്ങളുടെ ആവശ്യകത വർധിച്ചതും നേട്ടമാണ്.

 *വില വർധനയ്ക്ക് പല കാരണങ്ങൾ* 




   മധ്യേഷ്യയിലെ വിഷയങ്ങൾ കാരണം യൂറോപ്പിലേക്ക് ഗുഡ് ഹോപ് മുനമ്പ് ചുറ്റി പോകേണ്ടി വരുന്നതു മൂലം ചരക്ക് ഗതാഗതത്തിന്റെ ചെലവ് വർധിപ്പിച്ചിരിക്കുകയാണ്. ലോജിസ്റ്റിക് കമ്പനികൾ നിരക്ക് കൂട്ടിയതും ചരക്കിനുള്ള ഇൻഷുറൻസ് നിരക്കു വർധനയും വില വർധനയ്ക്കു കാരണമാണ്. തായ്‌ലൻഡ് , മലേഷ്യ എന്നീ രാജ്യങ്ങളിലെ ഉൽപാദനത്തിലും കഴിഞ്ഞവർഷം 1.9 % കുറവ് ഉണ്ടായിട്ടുണ്ട്. ഐവറി കോസ്റ്റിൽ നിന്ന് ചിരട്ടപ്പാൽ കയറ്റി അയയ്ക്കുന്നത് നിർത്തിയിരിക്കുകയാണ്.

ഇത് മലേഷ്യ, തായ്‌ലൻഡ് പോലുള്ള രാജ്യങ്ങൾ വാങ്ങി സംസ്കരിച്ച് ബ്ലോക്ക് റബർ ഉൽപാദിപ്പിക്കുകയായിരുന്നു. ചിരട്ടപ്പാൽ വരാതായതോടെ ബ്ലോക്ക് റബറിന് ഈ രാജ്യങ്ങളിൽ വില കൂടും. ഇവിടങ്ങളിൽ ഇറക്കുമതിയെയും ഇതു ബാധിക്കും. ഇതും ആഭ്യന്തര വിപണിയിലെ റബറിന്റെ വില വർധനയ്ക്ക് ഗുണം ചെയ്യുമെന്ന് വിലയിരുത്തുന്നു. അതേസമയം, കാലാവസ്ഥ വ്യതിയാനം, സ്വാഭാവിക ഇലപൊഴിച്ചിൽ എന്നിവ അഭ്യന്തര ഉൽപാദനത്തെ പിന്നോട്ടടിച്ചിരിക്കുകയാണ്. 25% മുതൽ 30% വരെ ഉൽപാദനം കുറഞ്ഞതായി കർഷകർ പറയുന്നു.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി