പാലക്കയംതട്ടിൽ ടൂറിസം വന്നു; റിസോർട്ടുകൾ പെരുകി, തോട് ഇല്ലാതായി...
പാലക്കയംതട്ടിൽ ടൂറിസം വന്നു; റിസോർട്ടുകൾ പെരുകി, തോട് ഇല്ലാതായി...
കണ്ണൂർ : പാലക്കയംതട്ടിൽ വിനോദസഞ്ചാര വികസനങ്ങൾ നടന്നതോടെ അപ്രത്യക്ഷമായി തോട്. പാലക്കയത്തെ ചെറു ചോലക്കാട്ടിൽ ഉറവയെടുത്ത് ചെമ്പേരിപ്പുഴയായി വളപട്ടണം പുഴയിലെത്തിയിരുന്ന തോടാണ് നീരൊഴുക്കില്ലാതെ വരണ്ടുണങ്ങിയത്.
വേനൽക്കാലത്തും വറ്റാതിരുന്ന തോട് നശിച്ചത് അശാസ്ത്രീയമായ വിനോദസഞ്ചാര വികസനം മൂലമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പുല്ലംവനം കോളനിയിലെ നൂറിലധികം കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്നത് ഈ തോട്ടിലെ നീരൊഴുക്കിനെയാണ്.
ജനുവരിയായപ്പോഴേക്കും ഒരു തുള്ളി വെള്ളം പോലുമില്ലാതെ കൽക്കൂട്ടമായി മാറിയിരിക്കുകയാണ് തോടൊഴുകിയിരുന്ന വഴികൾ.
തോട്ടിലെതന്നെ പുല്ലംവനം ജാനുപ്പാറ വെള്ളച്ചാട്ടം പാലക്കയത്തിൻ്റെ വിദൂര കാഴ്ചകളെ മനോഹരമാക്കിയിരുന്നു. ഈ വെള്ളച്ചാട്ടം ഇപ്പോൾ ഭംഗിയില്ലാതെ തീർത്തും അപ്രസക്തമായി. കാലവർഷത്തിൽ മാത്രമാണ് തോട്ടിൽ നീരൊഴുക്കുണ്ടാകുന്നത്.
പാലക്കയം വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്നവരെ ഏറ്റവും കൂടുതൽ ആകർഷിച്ചിരുന്നതാണ് തോടും വെള്ളച്ചാട്ടവും. ഇവിടുത്തെ ഉറവകൾ നശിപ്പിച്ച് കുളം നിർമിച്ച് ഒഴുക്ക് തടയുകയായിരുന്നു ഭൂമി കൈവശപ്പെടുത്തിയവർ.
രണ്ട് കുളങ്ങൾ അടുത്തടുത്തായി നിർമിച്ചിട്ടുണ്ട്. ഈ കുളത്തിൽ ഹോസ് പൈപ്പിട്ടാണ് റിസോർട്ടുകളിലെ കുളങ്ങളിലേക്കും മറ്റും വെള്ളമെത്തിക്കുന്നത്. മാവുഞ്ചാലിൽ നിന്ന് നിർമിച്ച റോഡിനുവേണ്ടി തോട് നശിപ്പിച്ച് കെട്ടി ഉയർത്തിയതോടെ ഗതിമുറിഞ്ഞ് വെള്ളമില്ലാതായി.
ഇവിടെ നാല് റിസോർട്ടുകൾ അടുത്തടുത്തായി പ്രവർത്തിക്കുന്നുണ്ട്. ഏതാനും റിസോർട്ടുകളുടെ നിർമാണവും നടക്കുന്നുണ്ട്. 3500 അടി ഉയരമുള്ള മലയുടെ മുകളിൽ മുപ്പതോളം കുഴൽക്കിണറുകൾ കുത്തിയിട്ടുണ്ട്. റിസോർട്ടുകളിലെ നീന്തൽക്കുളങ്ങളിലേക്ക് ഉൾപ്പെടെ വൻ ജലചൂഷണം നടക്കുന്നുണ്ട്.
*കോടമഞ്ഞും കാറ്റും പോയ് മറഞ്ഞു❗*
വിനോദസഞ്ചാര കേന്ദ്രമായതോടെ പാലക്കയത്തെ ആകർഷണങ്ങളായ പുൽമേടും കോടമഞ്ഞും ഇല്ലാതായി.
ആളുകൾ കയറിയിറങ്ങി മേടുകൾ കല്ലുകൾ നിറഞ്ഞ സ്ഥലങ്ങളായി.
ജൈവ വൈവിധ്യങ്ങളും നശിച്ചൊടുങ്ങി.
Comments
Post a Comment