മലയോര വിനോദസഞ്ചാര വികസനം തലയുംകുത്തി താഴോട്ട്

മലയോര വിനോദസഞ്ചാര വികസനം തലയുംകുത്തി താഴോട്ട്
നടുവില്‍: കണ്ണൂർ ജില്ലയിലെ ഊട്ടി എന്നറിയപ്പെടുന്ന പാലക്കയംതട്ടും മൂന്നാർ എന്നറിയപ്പെടുന്ന പൈതല്‍മലയും ജില്ലയിലെ തന്നെ ഏറ്റവും പ്രശസ്തമായ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ഏഴരക്കുണ്ടും അവഗണനയില്‍.

സർക്കാർ ഓരോ പഞ്ചായത്തിലും ടൂറിസം കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെങ്കിലും ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ടതും മലയോര മേഖലയുടെ വികസനക്കുതിപ്പിന് കാരണമാകുന്നതുമായ നടുവില്‍ പഞ്ചായത്തിലെ പ്രധാനപ്പെട്ട ഈ മൂന്നു വിനോദ സഞ്ചാര കേന്ദ്രങ്ങളോടും അവഗണന തുടരുകയാണ്. വർഷങ്ങള്‍ക്കു മുന്നേ നടത്തിയ വികസന പ്രവർത്തനങ്ങള്‍ മാത്രമാണ് പൈതല്‍മലയിലും ഏഴരക്കുണ്ടിലും ഉള്ളത്.

*⭕തട്ടില്‍ കയറാൻ പൈസ വേണം, സൗകര്യങ്ങളില്ല*

പാലക്കയംതട്ടില്‍ ആകാശ വിസ്മയക്കാഴ്ച ഒരുക്കിയ ലൈറ്റിംഗ് സിസ്റ്റം ഉള്‍പ്പെടെ പിൻവലിച്ചതോടെ വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞു. ഡിടിപിസിയുടെ നേതൃത്വത്തില്‍ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലായിരുന്നു സ്വകാര്യ വ്യക്തിക്ക് പാലക്കയംതട്ടില്‍ വർണപ്രകാശ സംവിധാനങ്ങള്‍ഒരുക്കിയത്. ഈ അവസരത്തില്‍ ദിവസേന 2500, 3000 വിനോദസഞ്ചാരികള്‍ ഇവിടെ എത്തിയിരുന്നു. 

https://chat.whatsapp.com/BtSLDctMgvY8tlQSABJPW8

എന്നാല്‍, കരാർ പൂർത്തിയായതിനുശേഷം പദ്ധതി പുതുക്കി നല്‍കാൻ സാധിക്കാത്തതിനാല്‍ പ്രകാശസംവിധാനം ഉള്‍പ്പെടെ പിൻവലിച്ചു. ഇപ്പോള്‍, 250-300 വിനോദസഞ്ചാരികള്‍ മാത്രമാണ് പാലക്കയംതട്ടില്‍ എത്തുന്നത്. എന്നിരുന്നാലും ഇവിടെ സന്ദർശനത്തിനുള്ള പൈസ കുറച്ചിട്ടില്ല. പ്രകൃതി രമണീയമായ കാഴ്ചകള്‍ മാത്രമേ ഇപ്പോള്‍ ഇവിടെ ആസ്വദിക്കാൻ സാധിക്കുകയുള്ളൂ. ഇതിന് ആദ്യകാലത്ത് ചാർജ് ഈടാക്കിയിരുന്നില്ല. പിന്നീട് നിരവധി വികസന പ്രവർത്തനങ്ങളും സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളും നടപ്പിലാക്കിയപ്പോഴാണ് പാസ് ഏർപ്പെടുത്തിയത്. ഇവയെല്ലാം പിൻവലിച്ചിട്ടും ഇപ്പോഴും ചാർജ് ഈടാക്കുന്നത് അന്യായമാണെന്ന് ഇവിടെ എത്തുന്ന സന്ദർശകർ പറയുന്നു. 

വെള്ളാട് ദേവസ്വം ബോർഡുമായുള്ള തർക്കമാണ് ഇവിടെ വികസന പ്രവർത്തനങ്ങള്‍ക്ക് തടസമാകുന്നതെന്നാണ് പറയുന്നത്. വെള്ളാട് ദേവസ്വം ബോർഡിന്‍റെ സ്ഥലം ഉള്‍പ്പെടെ പാലക്കയം വിനോദസഞ്ചാര കേന്ദ്രത്തിന്‍റെ പരിധിയില്‍ വരുന്നതാണ് ദേവസ്വം ബോർഡ് പരാതി ഉന്നയിക്കാൻ കാരണം. ഇവിടെ ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു ഭാഗം ദേവസ്വം ബോർഡിന് നല്‍കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നു. ഇത് പരിഹരിക്കാൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. 

പാലക്കയംതട്ടിലേക്കുള്ള റോഡുകളുടെ നവീകരണം, റെയിൻ ഹട്ടുകള്‍, കേബിള്‍ കാർ പദ്ധതി, പ്രവർത്തനരഹിതമായ സോളാർ ലൈറ്റുകളുടെ പുനഃസ്ഥാപനം, പ്രവേശന കവാടങ്ങളുടെ നിർമാണം, ശുചിമുറികള്‍, ടവറുകള്‍, അതിർത്തി നിർണയിച്ച്‌ സുരക്ഷാവേലി സ്ഥാപിക്കല്‍, ഹട്ടുകള്‍, ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള കുഴല്‍കിണർ നിർമാണം, നടപ്പാത നിർമാണം, പോലീസ് എയ്ഡ് പോസ്റ്റുകള്‍ തുടങ്ങിയവയുടെ നിർമാണം എന്നിവ സംബന്ധിച്ചും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് വിനോദ സഞ്ചാരികളുടെ ആവശ്യം. 

*⭕വാഗ്ദാനം ഫയലില്‍ ഉറങ്ങുന്നു*

പൈതല്‍മല, പാലക്കയംതട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം തുടങ്ങിയ മലയോരത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ജോണ്‍ ബ്രിട്ടാസ് എംപി, സജീവ് ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യ എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഭരണകൂടവും സന്ദർശനം നടത്തി വികസന പ്രവർത്തനങ്ങള്‍ക്ക് വേണ്ടി മാർഗരേഖ തയാറാക്കിയിരുന്നെങ്കിലും ഇവിടെ ഒന്നും തന്നെ നടപ്പിലായില്ല.

പൈതല്‍മല -പാലക്കയംതട്ട് -കാഞ്ഞിരക്കൊല്ലി ടൂറിസം സർക്യൂട്ടിന്‍റെ വികസനവുമായി ബന്ധപ്പെട്ട് ടൂറിസം -വനം വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥ സംഘം 2021 ഒക്ടോബർ രണ്ടിനാണ് ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദർശനം നടത്തിയത്.

രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് എംപിയുടെ അഭ്യർഥന പ്രകാരം വനം-ടൂറിസം മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗ തീരുമാനപ്രകാരമായിരുന്നു ഉദ്യോഗസ്ഥതല സന്ദർശനം. ഉത്തരമേഖല ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് ഡി.കെ.വിനോദ് കുമാർ, ഇക്കോ ടൂറിസം ഡയറക്‌ടർ ആർ.എസ്.അരുണ്‍, ഡെപ്യൂട്ടി കളക്ടർ (എല്‍.ആർ) അനില്‍ ജോസ്.ജെ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ ഉദ്യോഗസ്ഥസംഘമാണ് വികസനരൂപരേഖ തയാറാക്കാൻ അന്ന് ഈ സ്ഥലങ്ങള്‍ സന്ദർശിച്ചത്.

എന്നാല്‍, പിന്നീട് ഈ പദ്ധതി ഫയലില്‍ ഉറങ്ങി. രണ്ടുദിവസം മുമ്ബ് സജീവ് ജോസഫ് എംഎല്‍എ വീണ്ടും ഇക്കാര്യങ്ങള്‍ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പദ്ധതി നടപ്പിലാക്കിയിരുന്നെങ്കില്‍ ഉത്തര മലബാറിന്‍റെ ടൂറിസം ഭൂപടത്തില്‍ നിർണായക സ്ഥാനമുള്ള ഈ സർക്യൂട്ടിന്‍റെ വികസനം, വിനോദസഞ്ചാര മേഖലയില്‍ വലിയ വികസന കുതിപ്പിന് വഴിവയ്ക്കുമായിരുന്നു.

*⭕പൈതല്‍മല പേരില്‍ മാത്രം*

പൈതല്‍മല ടൂറിസം പദ്ധതിക്ക് അഞ്ചു പതിറ്റാണ്ടിന്‍റെ ചരിത്രമുണ്ടെങ്കിലും ഇന്നും പ്രാഥമിക സൗകര്യങ്ങള്‍ പോലും ഇവിടെയില്ല. സ്വാഭാവിക വനത്തിന് ഭംഗം നേരിടാതെ പൈതല്‍മല നവീകരണം വനംവകുപ്പിന്‍റെ പൂർണ സഹകരണത്തോടെ നടപ്പിലാക്കാനായിരുന്നു സർക്കാരിന്‍റെ തീരുമാനം.

പ്രവേശന സംവിധാനങ്ങള്‍, ട്രക്കിംഗ് പാത്ത് വേകള്‍, ശുചിമുറികള്‍, പാർക്കിംഗ് സൗകര്യങ്ങള്‍, ഇക്കോ ഷോപ്പുകള്‍, വാച്ച്‌ ടവർ, വ്യൂ പോയിന്‍റ് നാമകരണം, കുറിഞ്ഞിപ്പൂക്കള്‍ ഉള്‍പ്പെടെയുള്ള ജൈവവൈവിധ്യങ്ങളുടെ സൂചകങ്ങള്‍ തയാറാക്കല്‍, ബൈനോക്കുലർ സംവിധാനം, ടൂറിസം റിസോർട്ട് പുനരുദ്ധാരണം തുടങ്ങിയ കാര്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തിരുന്നു . കാരവാൻ പദ്ധതി, ടെന്‍റുകള്‍, ഹട്ടുകള്‍, റോപ്പ് വേ എന്നിവ ഉള്‍പ്പെടെ ദീർഘകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ട പദ്ധതികള്‍ സംബന്ധിച്ചും വിദഗ്ധസംഘത്തിന്‍റെ സന്ദർശനത്തില്‍ രൂപരേഖ തയാറാക്കിയതാണ്.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി