ആലക്കോട്ട് മുന്നൂറിലധികം കർഷകർ ജപ്തിഭീഷണിയിൽ ആലക്കോട്, തിമിരി, വെള്ളാട്, ഉദയഗിരി വില്ലേജുകളിലാണ് കർഷകർ ജപ്തി ഭീഷണി നേരിടുന്നത്
ആലക്കോട്: കേരള ബാങ്കിൽ ലയിച്ച പഴയ ജില്ലാ
ബാങ്കിലെ കർഷക വായ്‌പാ കുടിശ്ശിക ഈടാക്കാൻ ആലക്കോട് മേഖലയിലെ മുന്നൂറിലധികം കർഷകർക്കെതിരേ ജപ്‌തിനടപടി ഭീഷണി.
ആലക്കോട്, തിമിരി, വെള്ളാട്, ഉദയഗിരി വില്ലേജുകളിലാണ് കർഷകർ ജപി ഭീഷണി നേരിടുന്നത്.
കേരള ബാങ്ക് സ്ഥാപിതമാകുന്നതിന് മുൻപുള്ള ജില്ലാ ബാങ്കിലെ വായ്പ്‌പാ കുടിശ്ശികയാണ് കൂടുതൽ.
ദേശാസാത്കൃത പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ വായ്പാ കുടിശ്ശികയിൽ നിയമ നടപടികൾ നിർത്തിവെച്ചിരിക്കുമ്പോളാണ് സർക്കാർ നിയന്ത്രണത്തിലുള്ള കേരള ബാങ്ക് കർഷകരുടെ വീടും സ്വത്തും ജപ്തി ചെയ്യാൻ നടപടികളാരംഭിച്ചിട്ടുള്ളത്.
മുൻപൊരിക്കലുമുണ്ടാകാത്ത വിധത്തിൽ സാമ്പത്തിക തകർച്ചയിലായി, കർഷക ആത്മഹത്യ നടക്കുന്ന സമയത്തുള്ള നടപടി കർഷകർക്ക് ദുരന്തമാവും.
മുന്നൂറിൽപ്പരം കർഷകർക്കെതിരെ ജപ്തിക്ക് നടപടികൾ സ്വീകരിച്ചതിനെതിരെ 29-ന് രാവിലെ 10 മുതൽ വൈകുന്നേരം വരെ അഖില കേരള കത്തോലിക്കാ കോൺഗ്രസ് (എ.കെ.സി.സി.) നേതൃത്വത്തിൽ കർഷകർ ആലക്കോട് പ്രതിഷേധ ധർണ നടത്താൻ തീരുമാനിച്ചു. പരിപാടി തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും.
ദുരിതം സമാനതകളില്ലാത്തത്
വരുമാനമില്ലാതെ കൃഷി നിർത്തേണ്ടിവരുന്ന ദുരവസ്ഥയിലാണ് കർഷകർ. ഉത്പന്നങ്ങൾക്ക് വിലയില്ല. കൃഷി ചെയ്യുന്നതത്രയും വന്യമൃഗങ്ങൾ നശിപ്പിക്കുന്നു. ചികിത്സയ്ക്കുപോലും മാർഗമില്ലാത്തവർക്കു നേരെയുള്ള ജപ്‌തി ഭീഷണി മനുഷ്യത്യരഹിതമാണ്. ജപ്തിനടപടികൾ അടിയന്തരമായി നിർത്തിവെച്ച് കർഷകർക്ക് സാമ്പത്തികാശ്വാസം നൽകാൻ നടപടികൾ സ്വീകരിക്കണം.
ഫാ. ജോസഫ് പുതുമന, അസി. വികാരി, സെയ്ൻ്റ് മേരീസ് ഫൊറോന പള്ളി, ആലക്കോട്ജപ്‌തിനടപടി നിർത്തിവെക്കണം
വരുമാനമൊന്നുമില്ലാതെ ഇടത്തരം, ചെറുകിട കർഷകർ പട്ടിണിയിലാണിപ്പോൾ. കുടിയേറ്റ ചരിത്രത്തിൽ കർഷകർ ഇത്രവലിയ തകർച്ച നേരിട്ടിട്ടില്ല. കൃഷികളിൽ നിന്ന് വരുമാനമില്ല. സർക്കാർ നൽകേണ്ട റബ്ബർവില ഇൻസെൻറീവ് തുക മാർച്ച് മുതൽ കിട്ടിയിട്ടില്ല.
പ്രകൃതിദുരന്തങ്ങളിലെ നഷ്ടപരിഹാരം പോലും നൽകിയിട്ടില്ല. ദുരിതത്തിലായ കർഷകർക്കുനേരേയുള്ള ജപ്തിഭീഷണി ആത്മഹത്യാപരമാണ്. എല്ലാ ജപ്തിനടപടികളും ഉടൻ നിർത്തിവെക്കണം.
സോണി മേട്ടയിൽ, വൈസ് പ്രസിഡന്റ്റ്റ്, തേർത്തല്ലി റബ്ബർ ഉത്പാദക സംഘം (ആർ.പി.എസ്.)
സർക്കാർ ഉത്തരവ് പാലിക്കും
ജപ്തി നടപടി സ്വീകരിക്കാൻ സർക്കാർ ഉത്തരവുണ്ട്. അത് പാലിക്കാൻ ബാധ്യസ്ഥരാണെന്ന് ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർ അറിയിച്ചു.
Comments
Post a Comment