കുടിശ്ശികയായി ഉച്ചഭക്ഷണ പദ്ധതി; പ്രധാനദ്ധ്യാപകരുടെ അന്നം മുട്ടുമോ...
കുടിശ്ശികയായി ഉച്ചഭക്ഷണ പദ്ധതി; പ്രധാനദ്ധ്യാപകരുടെ അന്നം മുട്ടുമോ...
കോഴിക്കോട് : പച്ചക്കറി, അരി തുടങ്ങിയവയുടെ വില കുത്തനെ കൂടിയതോടെ കഞ്ഞി നൽകി കഞ്ഞികുടി മുട്ടിയ അവസ്ഥയിലാണ് ജില്ലയിലെ പ്രധാനദ്ധ്യാപകർ. കഴിഞ്ഞ മൂന്ന് മാസമായി സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയ്ക്കായി ചെലവാക്കിയ തുക അദ്ധ്യാപകർക്ക് ലഭിച്ചിട്ടില്ല. ശമ്പളത്തിൽ നിന്നുള്ള തുകയാണ് പലരും ഉച്ചഭക്ഷണത്തിനായി ചെലവിട്ടത്. ഇതോടെ അദ്ധ്യാപകരുടെ കുടുംബ ബഡ്ജറ്റ് തന്നെ താളം തെറ്റിയ അവസ്ഥയിലാണ്. അരിയ്ക്കും പച്ചക്കറിക്കും വില വർദ്ധിച്ചതോടെ ഓരോ മാസവും 5000ത്തിലധികം രൂപയാണ് അദ്ധ്യാപകർക്ക് കെെകളിൽ നിന്നെടുത്ത് കൊടുക്കേണ്ടി വരുന്നത്. വിലക്കയറ്റത്താൽ ഇനിയെന്ത് ചെയ്യുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ഇവർ
_പലചരക്ക് സാധനങ്ങൾ വാങ്ങിയതും പാചകത്തൊഴിലാളികൾക്കുള്ള കൂലിത്തുകയുമടക്കം ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ തുകയാണ് അദ്ധ്യാപകർക്ക് ലഭിക്കാനുള്ളത്. മൂന്ന് മാസം കൂടുമ്പോഴാണ് പണം അനുവദിക്കുന്നത്. എന്നാൽ നിലവിലെ കുടിശ്ശിക എന്നു തീർക്കുമെന്ന കാര്യത്തിൽ അധികൃതർക്ക് ഉത്തരമില്ല. പണം ലഭിക്കാതായതോടെ സർവീസിൽ നിന്ന് വിരമിക്കാറായ പ്രധാനദ്ധ്യാപകരാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത്. 150 വിദ്യാർത്ഥികളുള്ള ഒരു സ്കൂളിൽ ഒരു മാസം ഉച്ചഭക്ഷണത്തിനായി 6000ത്തോളം രൂപ ചെലവ് വരുന്നുണ്ട്. കുടിശ്ശിക ലഭിച്ചാലും അതിനേക്കാൾ കൂടുതലാണ് ചെലവാകുന്നതെന്നാണ് അദ്ധ്യാപകർ പറയുന്നത്
2016ൽ നിശ്ചയിച്ച ഉച്ചഭക്ഷണ നിരക്കിൽ സർക്കാർ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. 150 വിദ്യാർത്ഥികളുള്ള ഒരു സ്‌കൂളിന് ഒരു വിദ്യാർത്ഥിക്ക് എട്ട് രൂപ നിരക്കിലും 151 മുതൽ 500 വരെ വിദ്യാർത്ഥികളുള്ള സ്‌കൂളിന് ഏഴ് രൂപ നിരക്കിലും 500ന് മുകളിൽ വിദ്യാർത്ഥികളുള്ള സ്‌കൂളിന് ആറ് രൂപ നിരക്കിലുമാണ് തുക. ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും നൽകണം. മുട്ട കഴിക്കാത്തവർക്ക് നേന്ത്രപ്പഴം നൽകണം. എന്നാൽ ഇതിനൊന്നും അധിക തുകയും സർക്കാർ അനുവദിക്കുന്നില്ല. അധിക ചെലവ് പ്രധാനദ്ധ്യാപകർ സ്വന്തമായി വഹിക്കണം. ഉച്ചഭക്ഷണ പദ്ധതിക്ക് കേന്ദ്രം 60ശതമാനവും സംസ്ഥാനം 40 ശതമാനവുമാണ് വഹിക്കുന്നത്
_പൊതു വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് പ്രധാനദ്ധ്യാപകന്റെ പേരിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുക്കണമെന്ന് ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പിന്റെ നിർദേശവും അദ്ധ്യാപകർക്ക് തലവേദനയാവുകയാണ്. ലൈസൻസ് എടുക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രധാനാദ്ധ്യാപകർ, പാചകത്തൊഴിലാളികൾ തുടങ്ങിയവർക്ക് പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ച് സ്കൂളുകൾക്ക് നോട്ടീസ് നൽകിക്കൊണ്ടിരിക്കുകയാണ്. എന്നാൽ സർക്കാർ നടപടി അപ്രായോഗികമാണെന്നാണ് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ പറയുന്നത്. വിദ്യാലയങ്ങളിൽ നടക്കുന്ന പദ്ധതി കച്ചവടത്തിന്റെ സ്വഭാവത്തിലല്ലെന്നാണ് അസോസിയേഷൻ പറയുന്നത്
Comments
Post a Comment