നടുവിലിൽ യൂത്ത് കോൺഗ്രസ് പരിപാടിക്കിടെ ആർ.എസ്.എസ്. പ്രതിഷേധം; 10 പേരെ അറസ്റ്റ് ചെയ്തു
നടുവിലിൽ യൂത്ത് കോൺഗ്രസ് പരിപാടിക്കിടെ ആർ.എസ്.എസ്. പ്രതിഷേധം; 10 പേരെ അറസ്റ്റ് ചെയ്തു
നടുവിൽ: ഗാന്ധി രക്തസാക്ഷിത്വദിനത്തിൽ നടുവിൽ ടൗണിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ഹേ റാം പരിപാടിയിലേക്ക് ആർ.എസ്.എസ്. പ്രവർത്തകർ പ്രതിഷേധിച്ചെത്തി. യൂത്ത് കോൺഗ്രസ് നേതാവ് ജോഷി കണ്ടത്തിൽ സംസാരിക്കുന്നതിനിടയിലാണ് ആർ.എസ്.എസ്. പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ സ്ഥലത്തെത്തിയത്. പോലീസ് സമയോചിതമായി ഇടപെട്ട് ഇരുവിഭാഗം പ്രവർത്തകരെയും പിന്തിരിപ്പിച്ചു.
തുടർന്ന് ബസ്‌സ്റ്റാൻഡിന്റെ ഇരുവശങ്ങളിലുമായിനിന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. യൂത്ത് കോൺഗ്രസ് പരിപാടിക്കിടെ പ്രതിഷേധമുണ്ടാകുമെന്ന് സൂചന ലഭിച്ചതിനാൽ ടൗണിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇതുമൂലം സംഘർഷമൊഴിവാക്കാനായി.
നാല് ജീപ്പ് പോലീസ് സ്ഥലത്തുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി. മണ്ഡലം പ്രസിഡൻറ് പി.ബി.റോയ് ഉൾപ്പെടെ 10 ബി.ജെ.പി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ പരിപാടിയിൽ ആർ.എസ്.എസ്. പ്രവർത്തകരുടെ ആക്രമണശ്രമം അപലപനീയമാണെന്ന് അഡ്വ. സജീവ് ജോസഫ് എം.എൽ.എ. പറഞ്ഞു. പരിപാടി അലങ്കോലമാക്കാൻ മുദ്രാവാക്യത്തോടെയെത്തിയ ആർ.എസ്.എസ്. ബി.ജെ.പി. പ്രവർത്തകരുടെ ശ്രമത്തെ ജനാധിപത്യസമൂഹം എതിർക്കുമെന്നും എം.എൽ.എ. പറഞ്ഞു.
സമാധാനം തകർക്കാനാണ് കോൺഗ്രസിന്റെ നീക്കമെന്ന് ബി.ജെ.പി. ആരോപിച്ചു.
ഗാന്ധിയെ കൊന്നത് ആർ.എസ്.എസ്. എന്ന യൂത്ത് കോൺഗ്രസ് ബാനറിനെതിരെയാണ് സംഘപരിവാർ പ്രവർത്തകർ പ്രതിഷേധിച്ചതെന്ന് നേതാക്കൾ അറിയിച്ചു. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന നടുവിൽ ടൗണിൽ മനഃപൂർവം പ്രകോപനം സൃഷ്ടിക്കുകയാണുണ്ടായത്.
പരിപാടിക്കെതിരെ സംഘപരിവാർ നേതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് അത്തരം ഒരു ബാനർ ഉപയോഗിക്കില്ലെന്ന ഉറപ്പും ലഭിച്ചതാണ്.
എന്നാൽ ഒരു പ്രകോപനവുമില്ലാതെ, സംഘപരിവാർ പ്രവർത്തകരെ അറസ്റ്റുചെയ്യുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ബി.ജെ.പി. മണ്ഡലം പ്രസിഡൻറ് പി.ബി.റോയി പറഞ്ഞു.
Comments
Post a Comment