ശ്രീകണ്ഠപുരം - ചെമ്പന്തൊട്ടി - നടുവിൽ റോഡ് നിർമാണം ചൊവ്വാഴ്‌ച തുടങ്ങും

ശ്രീകണ്ഠപുരം - ചെമ്പന്തൊട്ടി - നടുവിൽ റോഡ് നിർമാണം ചൊവ്വാഴ്‌ച തുടങ്ങും
*ശ്രീകണ്ഠപുരം :* ഏറെ നാളായുള്ള
ജനങ്ങളുടെ ദുരിതയാത്രയ്ക്ക് അവസാനമാകുന്നു. ശ്രീകണ്ഠപുരം- ചെമ്പന്തൊട്ടി - നടുവിൽ റോഡു നിർമാണം ചെവ്വാഴ്‌ച മുതൽ തുടങ്ങും. നിരവധി നിവേദനങ്ങൾക്കും പരാതികൾക്കും സമരങ്ങൾക്കും ഒടുവിലാണ് റോഡ് നിർമാണം തുടങ്ങുന്നത്.

9.76 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ ടാറിങ് നടന്നിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. യു.ഡി.എഫിന്റെയും എൽ.ഡി.എഫിൻ്റെയും സർക്കാരുകൾ ബജറ്റിൽ തന്നെ റോഡിനായി തുക നീക്കിവച്ചിരുന്നു.

ഒന്നാം പിണറായി സർക്കാറിന്റെ ആദ്യ ബജറ്റിൽ ഈ റോഡിനായി അഞ്ച് കോടി രൂപ അനുവദിച്ചിരുനെങ്കിലും പണി നടന്നില്ല.

പിന്നീട് രണ്ടുതവണ എസ്റ്റിമേറ്റിൽ മാറ്റം വരുത്തി. ഏറ്റവും ഒടുവിൽ കിഫ്ബി വഴി 31.91 കോടി രൂപയുടെ പദ്ധതിക്കാണ് ധനാനുമതിയായത്. എന്നാൽ സാങ്കേതികാനുമതി ലഭിച്ചിരുന്നില്ല.

കിഫ്ബി രൂപരേഖ റിവ്യുചെയ്‌തതിനെ തുടർന്ന് എസ്റ്റിമേറ്റ് വീണ്ടും പുതുക്കി. ഇതനുസരിച്ച് റോഡിന്റെ വീതി ഏഴ് മീറ്റർ എന്നുള്ളത് 12 മീറ്ററാക്കുകയും റോഡ് പൂർണമായും ഹൈവേ റോഡുകളുടെ നിലവാരത്തിലേയ്ക്ക് ഉയർത്തുകയും ചെയ്തു‌.

തുടർന്ന് 47.72 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് നിലവിൽ കരാറെടുത്തത്. ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമാണച്ചുമതല ഏറ്റെടുത്തത്.

*കുഴികൾ നിറഞ്ഞ റോഡ്❗*

ശ്രീകണ്ഠപുരം-നടുവിൽ റോഡിൽ കുഴികൾ നിറഞ്ഞ് വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണ്. ശ്രീകണ്ഠപുരം കൊട്ടൂർവയൽ മുതൽ നടുവിൽവരെ തകർന്നുകിടക്കുകയാണ്.

കൊക്കായി മുതൽ നടുവിൽവരെ റോഡരികുകൾ പോലും വലിയ അപകടക്കെണിയായി മാറിയിട്ടുണ്ട്. കുണ്ടും കുഴിയും നിറഞ്ഞ് ചെറു വാഹനങ്ങൾക്കുപോലും പോകാൻ സാധിക്കുന്നില്ല.

സംസ്ഥാനപാതയെ മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്. മലയോര പ്രദേശങ്ങളിലുള്ളവർക്ക് കണ്ണൂർ വിമാനത്താവളത്തിലേക്കെത്താനുള്ള പ്രധാന റോഡാണിത്. ഇതുവഴിയാണ് പാലക്കയംതട്ട്, മുന്നൂർ കൊച്ചി ഉൾപ്പെടെയുള്ള വിനോദസഞ്ചാര മേഖലയിലേക്കും പോകേണ്ടത്.

റോഡ് പണിയുമായി ബന്ധപ്പെട്ട് ശ്രീകണ്ഠപുരം നഗരസഭ അധ്യക്ഷ ഡോ. കെ.വി. ഫിലാമിന ചെയർപേഴ്സണായും നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിൽ ജനറൽ കൺവീനറായും ജനകീയ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്.

Comments

Popular posts from this blog

പയറ്റുചാൽ സെന്റ് സെബാസ്റ്റ്യൻസ് കുരിശുപള്ളിയിൽ തിരുന്നാൾ ആഘോഷം

ഇവരുടെ വിധി നാളെ അറിയിക്കും; ബന്ദികളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്

ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ 65കോടിയുടെ കെട്ടിടസമുച്ചയത്തിനുള്ള പ്രവ്യത്തി ടെണ്ടർ ചെയ്തു

ചോദ്യപേപ്പർ അച്ചടിക്കാൻ 10 രൂപ നൽകണം ; വിദ്യാർഥികളിൽ നിന്ന് പണം പിരിക്കാൻ സർക്കാർ

കര്‍ഷകന്റെ കണ്ടുപിടിത്തങ്ങള്‍ മുതുകുളത്തില്‍ ജോസഫ് (കുഞ്ഞേട്ടന്‍)