ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ; ദില്ലിയിൽ കനത്ത പ്രതിഷേധം, രാഷ്ട്രീയ ഗൂഢാലോചനയെന്ന് എഎപി

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ; ദില്ലിയിൽ കനത്ത പ്രതിഷേധം, രാഷ്ട്രീയ ഗൂഢാലോചനയെന്ന് എഎപി

വിവാദമായ മദ്യ നയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു മണിക്കൂർ നേരം ഇഡി സംഘം ഇദ്ദേഹത്തിന്റെ വസതിയിൽ വച്ച് കെജ്രിവാളിനെ ചോദ്യം ചെയ്തു. പുറത്ത് എഎപി പ്രവര്‍ത്തകര്‍ വൻ പ്രതിഷേധം 

തുടരുന്നതിനിടെയായിരുന്നു ചോദ്യം ചെയ്യൽ. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ദില്ലി പൊലീസ് ശ്രമം തുടങ്ങി. ഇതിന് ശേഷം അരവിന്ദ് കെജ്രിവാളിനെ ഇഡി സംഘം കൊണ്ടുപോകും. അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിമര്‍ശിച്ച ആം ആദ്മി പാര്‍ട്ടി, അറസ്റ്റ് ചെയ്ത് ജയിലിലടച്ചാലും അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമെന്നും വ്യക്തമാക്കി. അതിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദില്ലിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

മദ്യ നയ കേസിൽ കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ് ബിആർഎസ് എംഎൽസിയും മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കവിത നിലവിൽ ഇഡി കസ്റ്റഡിയിലാണ്. തെക്കേ ഇന്ത്യ കേന്ദ്രീകരിച്ചുള്ള സൗത്ത് ​ഗ്രൂപ്പിന് മദ്യ വിതരണ സോണുകൾ ലഭിക്കാൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായും ​ഗൂഢാലോചന നടത്തിയത് കവിതയാണെന്ന് ഇഡി ആരോപിക്കുന്നു.

ഫെബ്രുവരിയില്‍ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഒരു മാസത്തിനിടെ ഇഡി അറസ്റ്റ് ചെയ്ത രണ്ടാമത്തെ മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാൾ. അതിനിടെ സുപ്രീം കോടതിയെ സമീപിച്ച എഎപി, ജാമ്യാപേക്ഷയിൽ അടിയന്തിര വാദം കേൾക്കും. നാളെ രാവിലെയാണ് കേസ് ആദ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതെങ്കിലും മാറിയ സാഹചര്യത്തിൽ അടിയന്തിര വാദം കേൾക്കാനായി ആവശ്യപ്പെടുമെന്നാണ് വിവരം.

ദില്ലി സംസ്ഥാനത്തെ ചില്ലറ മദ്യവിൽപ്പന മേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞ എഎപി സര്‍ക്കാരിന്റെ പുതിയ മദ്യനയമാണ് കേസിന് ആധാരം. സ്വകാര്യ മേഖലയ്ക്ക് മദ്യോൽപ്പന്ന വിതരണ മേഖലയിലേക്ക് കടന്നുവരാന്‍ വഴിയൊരുക്കിയതായിരുന്നു ദില്ലി എക്സൈസ് നയം 2021-22. ഇത് രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതിയുണ്ടെന്നാണ് സിബിഐ ഫയല്‍ ചെയ്ത ഇപ്പോഴത്തെ കേസ്. ലൈസൻസ് സ്വന്തമാക്കുന്നവര്‍ക്ക് അനാവശ്യമായ ആനുകൂല്യങ്ങൾ നൽകി, ലൈസൻസ് ഫീസിൽ ഇളവ് വരുത്തി, കൈക്കൂലി വാങ്ങി എൽ-1 ലൈസൻസ് നീട്ടി നല്‍കി തുടങ്ങിയ ആരോപണങ്ങളാണ് കെജ്രിവാൾ സര്‍ക്കാരിനെതിരെ ഉയര്‍ന്നത്. 

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അടുപ്പക്കാരന്‍ കൈകാര്യം ചെയ്യുന്ന കമ്പനിക്ക് മദ്യ വ്യാപാരി ഒരു കോടി രൂപ നൽകിയെന്ന് സിബിഐ എഫ്‌ഐആറിൽ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇഡിയും കേസന്വേഷണം തുടങ്ങിയത്. സിസോദിയയും മറ്റ് ആരോപണവിധേയരും 2021-22 ലെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ശുപാർശ ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തത് നിയമപരമായ നിലനില്‍പ്പ് ഇല്ലാതെയാണെന്ന് അന്വേഷണ ഏജൻസികൾ കുറ്റപ്പെടുത്തുന്നു.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി