വൈദ്യുതി സർചാർജ് 16 പൈസ ആക്കണമെന്ന് കെഎസ്ഇബി...
വൈദ്യുതി സർചാർജ് 16 പൈസ ആക്കണമെന്ന് കെഎസ്ഇബി...
തിരുവനന്തപുരം : കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെ പുറത്തു നിന്നു വൈദ്യുതി വാങ്ങിയതു മൂലമുണ്ടായ അധികച്ചെലവ് നികത്തുന്നതിന് നിലവിലുള്ള 9 പൈസയുടെ സ്ഥാനത്ത് യൂണിറ്റിന് 16 പൈസ സർചാർജ് ചുമത്തണമെന്നു റഗുലേറ്ററി കമ്മിഷൻ നടത്തിയ തെളിവെടുപ്പിൽ വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടു.
നിലവിൽ യൂണിറ്റിന് 19 പൈസയാണ് സർചാർജ്. ഇതിൽ 10 പൈസ ബോർഡ് സ്വയം ഈടാക്കുന്നതും 9 പൈസ കമ്മിഷൻ അനുവദിച്ചതുമാണ്. യഥാർഥ ചെലവിന്റെ പകുതി മാത്രമേ 10 പൈസ പിരിക്കുന്നതിലൂടെ ലഭിക്കുന്നുള്ളൂ എന്നും ഈ പരിധി ഉയർത്തണമെന്നും ബോർഡ് ആവശ്യപ്പെട്ടു.
ജനുവരി 1 മുതൽ മാർച്ച് 31 വരെ പുറത്തു നിന്നു വൈദ്യുതി വാങ്ങാൻ 92 കോടി രൂപയുടെ അധികച്ചെലവ് ഉണ്ടായെന്ന് ബോർഡ് അറിയിച്ചു. മാർച്ചിനു ശേഷമുള്ള അധികച്ചെലവ് സ്വമേധയാ പിരിച്ചെടുക്കാൻ ബോർഡിന് അധികാരമുണ്ട്. എന്നാൽ ഇത് 10 പൈസയിൽ കൂടരുത് എന്ന് റഗുലേറ്ററി കമ്മിഷൻ പരിധി നിശ്ചയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് നേരത്തേ കമ്മിഷൻ അനുവദിച്ച 9 പൈസയും ഈ 10 പൈസയും ചേർത്ത് 19 പൈസ സർചാർജ് പിരിക്കുന്നത്. 10 പൈസ വീതം ഈടാക്കിയാൽ യഥാർഥ ചെലവ് അടുത്ത കാലത്തെങ്ങും പിരിഞ്ഞു കിട്ടില്ലെന്നാണ് ബോർഡിന്റെ നിലപാട്. കമ്മി നികത്തുന്നതിന് ഈ പരിധി ഉയർത്തണം എന്നാവശ്യപ്പെട്ട് ബോർഡ് പ്രത്യേക അപേക്ഷ നൽകിയാൽ കമ്മിഷൻ പരിഗണിക്കും.
റദ്ദാക്കിയ വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച് റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയാക്കിയിട്ട് ആഴ്ചകളായെങ്കിലും ഇതുവരെ ഉത്തരവ് ഇറക്കിയിട്ടില്ല. 465 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള 4 കരാറുകളാണ് റദ്ദാക്കിയത്.
Comments
Post a Comment