നവകേരള സദസിനായി സ്കൂൾ മതിൽ പൊളിച്ച സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സ്കൂൾ മതിൽ പൊളിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു.
കൊച്ചി: നവകേരള സദസിനായി സ്കൂൾ മതിൽ പൊളിച്ച സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സ്കൂൾ മതിൽ പൊളിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു.
കൊല്ലം കുന്നത്തൂര്‍ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം വക മൈതാനം നവകേരള സദസിന് വേദിയാക്കുന്നതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് സർക്കാരിനെതിരേ വിമർശനമുന്നയിച്ചത്.
ദേവസ്വം സ്കൂള്‍ ഗ്രൗണ്ടാണ് നവ കേരള സദസിനായി ഉപയോഗിക്കുന്നതെന്നും സ്കൂൾ മതിൽ പൊളിക്കാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ പറഞ്ഞിരുന്നു. അപ്പോഴാണ് നവകേരള സദസിനായി സ്കൂളുകളുടെ മതിൽ പൊളിക്കുന്നത് എന്തിനാണെന്ന് കോടതി ചോദ്യമുന്നയിച്ചത്.
അതെല്ലാം സംഭവിച്ചുപോയെന്നും പൊളിച്ച മതിലുകൾ എല്ലാം പുനർനിർമിക്കുമെന്നുമാണ് സർക്കാർ മറുപടിയായി അറിയിച്ചത്. എന്നാൽ അതിരൂക്ഷ വിമർശനം തുടർന്ന കോടതി, മതിലുകൾ പുനർനിർമിക്കുമെന്ന് പറഞ്ഞാൽ അതിന് ഖജനാവിലെ പണമല്ലേ ഉപയോഗിക്കുന്നതെന്ന് ആവർത്തിച്ചു ചോദിച്ചു. അതിന് സർക്കാർ കൃത്യമായി മറുപടി നല്‍കിയില്ല.
തുടർന്ന്, ആരാണ് നവകേരള സദസിന്റെ ചുമതല വഹിക്കുന്നതെന്ന് ചോദിച്ച കോടതി കേസിൽ ചീഫ് സെക്രട്ടറിയെ കക്ഷിചേർക്കാൻ നിർദേശിച്ചു. നവകേരള സദസ് നോഡൽ ഓഫീസറും കൊല്ലം ജില്ലാ കളക്ടറും കൃത്യമായ മറുപടി സത്യവാംഗ്മൂലം സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. തുടർന്ന് ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റി.
........................................................................................................................
Comments
Post a Comment