ജില്ലയില്‍ പനിബാധിതര്‍ കൂടുന്നു വില്ലനായി ഡെങ്കിപ്പനിയും...




കണ്ണൂർ : പകര്‍ച്ചപ്പനിക്ക് പുറമെ കോവിഡ് വകഭേദം കൂടെ സ്ഥിതീകരിച്ചതോടെ ഏറെ ഭീതിയിലാണ് ജനങ്ങള്‍. പകര്‍ച്ചപ്പനി ബാധിച്ച്‌ ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ദിനംപ്രതി ചികിത്സതേടിയെത്തുന്നത് ആയിരക്കണക്കിനാളുകളാണ്.

സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ആയുര്‍വേദം, ഹോമിയോ അടക്കം മറ്റിടങ്ങളിലും എത്തുന്ന രോഗികളുടെ എണ്ണം കൂടി കണക്കിലെടുത്താല്‍ ഇരട്ടിയിലധികം രോഗികളുണ്ടാവും. 

ഡിസംബര്‍ ഒന്ന് മുതല്‍ 15 വരെ 10079 പേരാണ് ചികിത്സ തേടിയെത്തിയത്. ഓരോ ദിവസവും 900 ത്തോളം പേര്‍ ചികിത്സ തേടുന്നുണ്ട്. ഇതില്‍ കൂടുതല്‍ പേര്‍ക്കും വൈറല്‍ പനിയാണ്. റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കൂടുതലും വൈറല്‍ പനിയാണെങ്കിലും എലിപ്പനിയും ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൂടാതെ ജലദോഷം, തൊണ്ട വേദന, ചുമ, കഫക്കെട്ട്, നടുവേദന, വയറിളക്കം തുടങ്ങിയ രോഗങ്ങളുമുണ്ട്. 

പനി മാറിയാലും ഒരാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന കടുത്ത ക്ഷീണവും വിട്ടുമാറാത്ത ചുമയും പലരെയും അലട്ടുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികളിലാണ് കുടുതലും പനി കണ്ടുവരുന്നത്. ഇവരിലൂടെ മറ്റുള്ളവരിലേക്ക് പടരുകയാണ്. 

പനി ലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുതെന്നും അസുഖം പൂര്‍ണമായും മാറിയെന്ന് ഉറപ്പാക്കണമെന്നുമുള്ള ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം പല രക്ഷിതാക്കളും പാലിക്കാത്തതും തിരിച്ചടിയാണ്. പനിക്കൊപ്പം ആസ്മ ലക്ഷണങ്ങളും മിക്കവരിലുമുണ്ട്. പനി മാറിയാലും ശ്വാസം മുട്ടലും വലിവും നീണ്ടുനില്‍ക്കുന്ന അവസ്ഥയുമുണ്ട് . 

ജില്ലയില്‍ പനി ബാധിതരുടെ എണ്ണം കൂടുമ്ബോഴും കിടത്തി ചികിത്സ ആവശ്യമായി വരുന്ന രോഗികളുടെ എണ്ണം കൂടുന്നില്ലെന്നതാണ് ആശ്വാസം. ഈ മാസം ആദ്യത്തെ ഒരാഴ്ചയില്‍ 50 രോഗികളാണ് കിടത്തി ചികിത്സയ്ക്ക് ഡോക്ടര്‍ നിര്‍ദേശിച്ചത്. കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ സര്‍ക്കാര്‍ ആശുപത്രികളില്‍ അടക്കം ഉച്ചയ്ക്ക് ശേഷം ഒപി ഉള്ളത് രോഗികള്‍ക്ക് ആശ്വാസമാകുന്നുണ്ട്. കോവിഡ് വകഭേഗം കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്തതോടെ രോഗ ലക്ഷണങ്ങളുമായി എത്തുന്നവരെ പരിശോധനയ്ക്ക് അയക്കുന്നുണ്ട് ഡോക്ടര്‍മാര്‍. 

ഡെങ്കിയെ പേടിക്കണം 

ഈ മാസം ആദ്യത്തെ ഒരാഴ്ചത്തെ കണക്ക് പരിശോധിക്കുമ്ബോള്‍ 13 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 43 ഓളം പേരെ പരിശോധിച്ചതിലാണ് 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കൊളച്ചേരി, ചിറക്കല്‍, കോടിയേര, കണ്ണൂര്‍ കോര്‍പറേഷന്‍, മയ്യില്‍, നാറാത്ത്, ത്രിപ്പങ്ങോട്ടൂര്‍ എന്നിവിടങ്ങളിലായാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. 

ഇടവിട്ട് മഴ തുടരുന്നത് ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകളുടെ വംശവര്‍ധനവിന് കാരണമാകുന്നുണ്ട്. ആഴ്ചയില്‍ ഒരിക്കലെങ്കിലും വീടും പരിസരവും വൃത്തിയാക്കി വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നുണ്ട്. നാലുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി