പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
കുറച്ചുവര്‍ഷമായി പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമല്ലാതിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിയോഗം.
1952 ആഗസ്റ്റ് 25-ന് തമിഴ്‌നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളകര്‍സ്വാമി എന്നാണ് യഥാര്‍ത്ഥ പേര്. കരിയറിലുടനീളം തമിഴ് സിനിമയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച ചുരുക്കം നടന്മാരിലൊരാളായിരുന്നു വിജയകാന്ത്. പുരട്ചി കലൈഞ്ജര്‍ എന്നും ക്യാപ്റ്റൻ എന്നുമാണ് ആരാധകര്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്. എം.എ. കാജാ സംവിധാനം ചെയ്ത് 1979-ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യചിത്രം. നടന്‍ വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു തുടക്ക കാലത്ത് വിജയകാന്ത് ചെയ്തതില്‍ അധികവും.
1980 കളിലാണ് ആക്ഷന്‍ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് ഉയരുന്നത്. നൂറാം ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകര്‍ ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായാണ് അറിയപ്പെടുന്നത്. ഈ ചിത്രത്തോടെ ക്യാപ്റ്റനെന്നും ആരാധകര്‍ അദ്ദേഹത്തെ വിളിച്ചുതുടങ്ങി.
Comments
Post a Comment