രക്ഷാപ്രവര്‍ത്തന'ത്തിന് അനുമോദനം; ജാമ്യത്തില്‍ ഇറങ്ങിയ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് സ്വീകരണമൊരുക്കി സിപിഎം...
കണ്ണൂർ : കല്യാശേരിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഡിവൈഎഫ്ഐ ‘രക്ഷാപ്രവപ്രവർത്തകർ’ക്ക് സ്വീകരണമേർപ്പെടുത്തി സിപിഎം. റിമാൻഡ് കാലാവധി പൂർത്തിയാക്കി ജ്യാമ്യത്തിലിറങ്ങിയ പി.ജിതിൻ, കെ.റമീസ്, ജി.കെ.അനുവിന്ദ്, അമൽബാബു എന്നിവർക്കാണ് സിപിഎം മാടായി ഏരിയാ കമ്മിറ്റി കണ്ണൂർ പഴയങ്ങാടിയിൽ സ്വീകരണം സംഘടിപ്പിച്ചത്.
കല്യാശേരി മണ്ഡലത്തിലെ നവകേരള സദസിൽ പങ്കെടുത്ത ശേഷം തളിപ്പറമ്പിലേക്ക് പോകുന്ന വഴിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. ഇതിനു പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമമഴിച്ചു വിടുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ പലർക്കും സാരമായി പരുക്കേറ്റു. യൂത്ത് കോൺഗ്രസുകാരെ വാഹനം തട്ടി അപകടം വരാതിരിക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ ‘രക്ഷിക്കുകയായിരുന്നു’ എന്നായിരുന്നു ഇതിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.
സംഭവത്തിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കേസ് ചുമത്തുകയും ചെയ്തു. ഇവരാണ് 21 ദിവസത്തെ റിമാൻഡ് കാലാവധിക്ക് ശേഷം വെള്ളിയാഴ്ച ജാമ്യം നേടി പുറത്തുവന്നത്.
Comments
Post a Comment