സെന്റ്. പീറ്റേഴ്സ് സ്‌ക്വയറിൽ പുൽക്കൂടും ക്രിസ്തുമസ് ട്രീയും അനാവരണം ചെയ്തു; പുൽക്കൂട്ടിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയും..
വത്തിക്കാൻ: വിശുദ്ധ ഫ്രാൻസിസ് അസീസിയോടുള്ള ഭക്തി അനാവരണം ചെയ്യുന്ന പുൽക്കൂടൊരുക്കി വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസലിക്ക. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പുൽക്കൂട്ടിൽ ഇത്തവണ മാതാവിനോടും യൗസേപ്പിതാവിനോടുമൊപ്പം വിശുദ്ധ ഫ്രാൻസിസ് അസീസിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. 1223 ലെ ക്രിസ്‌മസ് രാവിൽ ഇറ്റാലിയൻ ഗ്രാമമായ ഗ്രെസിയോയിലെ ഒരു ഗുഹയിൽ ആദ്യത്തെ നേറ്റിവിറ്റി രംഗം സ്ഥാപിച്ചതിന്റെ 800ാം വർഷം ആചരിക്കുന്നതിന്റെ ഭാഗമായാണിത്.
ഡിസംബർ ഒമ്പതിന് നടന്ന ഉദ്ഘാടന ചടങ്ങിൽ വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റ് പ്രസിഡന്റ് കർദ്ദിനാൾ ഫെർണാണ്ടോ വെർഗസ് അൽസാഗ അധ്യക്ഷനായിരുന്നു. ആയിരത്തിലധികം ആളുകൾ ചടങ്ങിനായി സ്ക്വയറിൽ ഒത്തുകൂടി. ദൃശ്യത്തിന്റെ മധ്യ ഭാഗത്ത് ഇപ്പോൾ ശൂന്യമായ പുൽത്തൊട്ടിയാണ്. അവിടെ ക്രിസ്മസ് രാവിൽ ഉണ്ണിയേശുവിന്റെ രൂപം സ്ഥാപിക്കും. പുൽത്തൊട്ടിയുടെ ഒരു വശത്ത് മറിയും മുട്ടുകുത്തി നിൽക്കുന്നു. ജോസഫിന്റെ അരികിൽ മറുവശത്ത് വിശുദ്ധ ഫ്രാൻസിസ് അസീസി അത്ഭുത ഭാവത്തിൽ നിൽക്കുന്നു.
ഡിസംബർ ഒമ്പതിന് നടന്ന ചടങ്ങിൽ വത്തിക്കാനിലെ ക്രിസ്മസ് ട്രീയും പ്രകാശിപ്പിച്ചു. 80 അടി ഉയരമുള്ള സരളവൃക്ഷം ഇറ്റലിയുടെ വടക്കു പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മാക്രയിലെ ഇറ്റാലിയൻ കമ്മ്യൂണിറ്റിയാണ് സംഭാവന ചെയ്തത്. ആൽപൈൻ പ്രദേശത്തെ സ്വദേശമായ എഡൽവീസ് പുഷ്പങ്ങളാൽ വൃക്ഷം അലങ്കരിച്ചിരിക്കുന്നു. പച്ച, നീല, ചുവപ്പ് നിറങ്ങളിലുള്ള സദാ മാറിക്കൊണ്ടിരിക്കുന്ന ലൈറ്റുകളും ട്രീയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലെ ട്രീ ഉപയോഗത്തിന് ശേഷം കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കും.
2000 വർഷം മുമ്പ് ബെത്‌ലഹേമിൽ ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചും ഇപ്പോൾ ഈ പ്രദേശത്തെ വിഴുങ്ങുന്ന സംഘട്ടനത്തെക്കുറിച്ചും ചിന്തിക്കാൻ ഈ വർഷത്തെ വത്തിക്കാനിലെ പുൽക്കൂടുകൾ ആളുകളെ പ്രേരിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ശനിയാഴ്ച രാവിലെ പോൾ ആറാമൻ ഹാളിൽ നടന്ന സമ്മേളനത്തിനിടയിലാണ് പാപ്പാ ഇക്കാര്യം ഓർമിപ്പിച്ചത്
Comments
Post a Comment