ഗവർണർ ഇടഞ്ഞു, പൊലീസ് മലക്കംമറിഞ്ഞു; എസ്എഫ്ഐ പ്രവർത്തകരെ വകുപ്പിട്ടു പൂട്ടി..
തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വഴിയിൽ തടഞ്ഞ് കരിങ്കൊടി കാട്ടി കാറിന്റെ ചില്ലു തകർക്കാൻ ശ്രമിച്ച എസ്എഫ്ഐക്കാർക്കെതിരെ എഫ്ഐആറിൽ ദുർബലവകുപ്പുകൾ ചുമത്തിയ പൊലീസ്, ഗവർണർ കർശന നിലപാടെടുത്തതോടെ റിമാൻഡ് റിപ്പോർട്ടിൽ കടുത്ത വകുപ്പുകൾ ചേർത്തു. കർശന നടപടി വേണമെന്നു സംസ്ഥാന പൊലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും ഗവർണർ രേഖാമൂലം നിർദേശം നൽകിയതിനു പിന്നാലെയാണു പൊലീസ് മലക്കം മറിഞ്ഞത്.
ഗവർണറുടെ വാഹനം ആക്രമിച്ച കേസ്: 7 പ്രതികളുടെ ജാമ്യാപേക്ഷ എതിർത്ത് പൊലീസ്...
തിരുവനന്തപുരം : ഗവർണറുടെ വാഹനം ആക്രമിച്ച കേസ്, രാഷ്ട്രീയ പ്രവർത്തകരായ പ്രതികൾ സ്വാധീനമുപയോഗിച്ചു ദുർബലപ്പെടുത്താൻ സാധ്യതയുണ്ടെന്നു കോടതിയിൽ പൊലീസ് വ്യക്തമാക്കി. കന്റോൺമെന്റ് എസ്ഐ കേസിലെ വാദിയെന്നിരിക്കെ, പ്രതികൾ സാക്ഷികളെ സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തേക്കാമെന്ന ആശങ്കയും പൊലീസ് കോടതിയെ അറിയിച്ചു. ഐപിസി 124, പിഡിപിപി 3 (2) എന്നീ വകുപ്പുകൾ ചുമത്തപ്പെട്ട 7 പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് കന്റോൺമെന്റ് പൊലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഈ ആശങ്ക.
എഫ്ഐആറിൽ ചേർക്കാത്ത വകുപ്പുകൾ റിമാൻഡ് റിപ്പോർട്ടിൽ വന്നത് കേസിന്റെ അന്വേഷണ ഘട്ടത്തിലാണെന്നു പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിനു മുൻപു രാജ്ഭവനിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, പാളയത്ത് ഗവർണറുടെ കാറിനു നേർക്കുണ്ടായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യം സമീപത്തെ ഹോട്ടലിൽനിന്നു ശേഖരിച്ചിരുന്നു.
തിരുമല പുത്തൻകട ശ്രീഭവനത്തിൽ യദുകൃഷ്ണൻ (23), കൊല്ലയിൽ മുത്തിവിള എസ്പി നിവാസിൽ ആഷിഖ് (24), ചെങ്കൽ വട്ടവിള കീഴ്കൊല്ല ട്രിനിറ്റി ഹൗസിൽ ആർ.ജി.ആഷിഷ് (24), കോട്ടുകൽ മൂലക്കാമേലെ ചാനൽക്കര വീട്ടിൽ ദിവനേന്ദകുമാറിന്റെ മകൻ ദിലീപ് (25), മണക്കാട് പള്ളിത്തെരുവ് വീട്ടിൽ റഹിമിന്റെ മകൻ റയാൻ (24), തൃശൂർ കൊടുങ്ങല്ലൂർ പാപ്പിനിവട്ടം ഈരാറ്റുപറമ്പിൽ അമൻ ഗഫൂർ (22), മലയിൻകീഴ് പെരുമന ഊരൂട്ടമ്പലം ജെയിൻ ഡെയിൽ ഹൗസിൽ റിനോ സ്റ്റീഫൻ (23) എന്നിവർക്കെതിരെയാണു ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത്.
Comments
Post a Comment