കണ്ണീരോടെ വിട ; മാമുക്കോയക്ക് നാടിന്റെ ആദരം..
അന്തരിച്ച നടൻ മാമുക്കോയയുടെ മൃതദേഹം കോഴിക്കോട് കണ്ണമ്പറമ്പ് ശ്മശാനത്തിലേക്ക് ഖബർ അടക്കാനായി കൊണ്ടുവരുന്നു. മക്കളായ മുഹമ്മദ് റഷീദ്, മുഹമ്മദ് നിസാർ, കൊച്ചുമകൻ സിദാൻ എന്നിവർ മുന്നിൽ. ഫോട്ടോ ബിനുരാജ്
കോഴിക്കോട് നാടിന്റെ വിലാസമായിരുന്നു ബേപ്പൂരുകാർക്ക് മാമുക്കോയ. തിരിച്ച് മാമുക്കയ്‌ക്കും ജന്മനാട് അത്രമേൽ പ്രിയം. സിനിമാജീവിതത്തിന്റെ തിരക്കിലും തന്റെ വേര് മുറിച്ചുമാറ്റാൻ അദ്ദേഹം തയ്യാറായില്ല. ജീവിക്കാൻ കൂടുതൽ സൗകര്യങ്ങളുള്ള നഗരം തേടിപ്പോയില്ല. അതുകൊണ്ട് ആ മഹാനടന്റെ വേർപാട് അവർക്ക് ഉറ്റവരിലൊരാളുടേതുപോലെ വേദനാജനകമായിരുന്നു. വീടുമുതൽ കണ്ണംപറമ്പിലെ ശ്‌മശാനത്തിലെ ഖബറിടംവരെ നിറഞ്ഞ പുരുഷാരം ആ സ്‌നേഹത്തിന്റെ ഓർമപ്പെടുത്തലായി.
തിങ്കളാഴ്‌ച രാത്രി മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത കേട്ടതുമുതൽ നാട് വേദനയിലാണ്. അവർ ഉള്ളുരുകിയ പ്രാർഥനയിലായിരുന്നു. ഒടുവിൽ ബുധനാഴ്‌ച ആ യാഥാർഥ്യത്തെ അവർ ഉൾക്കൊണ്ടു. ഉച്ചയോടെ മരണവാർത്ത അറിഞ്ഞതോടെ പൊതുദർശനം നടന്ന ടൗൺഹാളിലേക്ക് ജനം ഒഴുകി. കോഴിക്കോട് അടുത്തൊന്നും കണ്ടിട്ടില്ലാത്ത വിടവാങ്ങൽ ചടങ്ങ്. രാത്രി പത്തുവരെ ടൗൺഹാളും പരിസരവും ജനസാന്ദ്രമായി.
രാത്രി അരക്കിണറിലെ വീട്ടിൽ എത്തുമ്പോഴേക്കും ജനം നിറഞ്ഞുകവിഞ്ഞിരുന്നു. നഗരത്തിൽ എത്താനാവാത്ത പ്രായമായവരും സ്‌ത്രീകളും കുട്ടികളും മാമുക്കയെ അവസാനമായി കാണാനെത്തി. രാത്രി പന്ത്രണ്ടുവരെ ആ ഒഴുക്ക് തുടർന്നു. വ്യാഴം രാവിലെ ഒമ്പതരയോടെ സ്‌ത്രീകൾക്കായുള്ള പ്രത്യേക പ്രാർഥന തുടങ്ങി. നമസ്‌കാര വേഷത്തിലെത്തിയ ഭാര്യ സുഹ്‌റ തന്റെ പ്രിയപ്പെട്ടവനെ അവസാനമായി മുത്തംവച്ചു.
കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമീഷണർ കെ ഇ ബൈജു, ഫറോക്ക് അസി. കമീഷണർ എ എം സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി പൊലീസ് ആദരമർപ്പിച്ചു. അരക്കിണറിലെ മുജാഹിദ് പള്ളിയിലേക്ക് മയ്യത്ത് നമസ്‌കാരത്തിനായി കൊണ്ടുപോകുമ്പോഴും ജനം നിറഞ്ഞു. അവിടെനിന്ന് കണ്ണംപറമ്പ് ശ്‌മശാനത്തിലേക്കുള്ള അന്ത്യയാത്രയിലും വൻ ജനസഞ്ചയം അനുഗമിച്ചു. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.
*സലാം
മാമുക്ക*
ചിരി പടർത്തിയ മനസ്സുകളിൽ നോവ് പകർന്ന് പ്രിയനടൻ യാത്രയായി. അന്തരിച്ച നടൻ മാമുക്കോയക്ക് നാട് കണ്ണീരോടെ വിടയേകി. ഇനി മരിക്കാത്ത കഥാപാത്രങ്ങളിലൂടെ ചിരിയുടെ സുൽത്താൻ കാലത്തോട് സംവദിക്കും. ബുധനാഴ്‌ച ഉച്ചയോടെ അന്തരിച്ച മാമുക്കോയയെ അവസാനമായി കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സാധാരണക്കാർക്കിടയിൽ അവരിലൊരാളായി ജീവിച്ച പ്രിയനടനെ കാണാൻ രാവിലെ മുതൽ മാത്തോട്ടത്തെ "അൽ -സുമാസ്’ വീട്ടിലേക്ക് നാടാകെയെത്തി.
സ്‌ത്രീകളുടെ പ്രത്യേക പ്രാർഥനയ്‌ക്കുശേഷം രാവിലെ 9.30 ഓടെ പ്രിയനടന് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് മൃതദേഹം അരക്കിണർ മുജാഹിദ് മസ്‌ജിദിലേക്ക്. അവിടെ മയ്യത്ത് നമസ്‌കാരത്തിനുശേഷം പത്തോടെ കണ്ണംപറമ്പ് പള്ളിയിലെത്തിച്ചു. പ്രത്യേക പ്രാർഥനയ്‌ക്കുശേഷം 10.45ന് ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം. മഹാനടന് കോഴിക്കോടിന്റെ മണ്ണിൽ നിത്യനിദ്ര.
സിനിമാരംഗത്തെയും രാഷ്‌ട്രീയ–-സാമൂഹിക–-സാംസ്‌കാരിക രംഗത്തെയും പ്രമുഖർ അന്തിമോപചാരമർപ്പിക്കാനെത്തി. താരസംഘടനയായ ‘അമ്മ’യ്‌ക്കുവേണ്ടി ജനറൽ സെക്രട്ടറി ഇടവേള ബാബു റീത്ത് സമർപ്പിച്ചു. നടന്മാരായ ജോജു, ഇർഷാദ് അലി, സാദിഖ്, സുധീഷ്, സംവിധായകൻ ഇ എം അഷ്റഫ്, മുൻ ഡിജിപി ഋഷിരാജ് സിങ്, മന്ത്രി അഹമ്മദ് ദേവർകോവിൽ, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ എം സച്ചിൻ ദേവ്, കെ ടി ജലീൽ, ദേശാഭിമാനി ചീഫ് എഡിറ്റർ ദിനേശൻ പുത്തലത്ത്, കോഴിക്കോട് യൂണിറ്റ് മാനേജർ ഇൻ ചാർജ് ആർ പ്രസാദ്, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
*നീതിപുലർത്താതെ സിനിമാലോകം*
നാലുപതിറ്റാണ്ടുകാലം മലയാളിയെ ചിരിപ്പിച്ച നടൻ മാമുക്കോയയെ മറന്ന് സിനിമാലോകം. നടന്മാരും സംവിധായകരുമടങ്ങുന്ന വൻനിരയിൽ നിന്ന് വിരലിലെണ്ണാവുന്നവർ മാത്രമാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്. സിനിമാമേഖലയിൽനിന്ന് സംവിധായകൻ സത്യൻ അന്തിക്കാട്, വി എം വിനു, അഭിനേതാക്കളായ സുരഭി ലക്ഷ്‌മി, ജോജു, ഇർഷാദ്, സാദിഖ് എന്നിവരാണ് കോഴിക്കോടിന് പുറത്തുനിന്ന് എത്തിയ പ്രധാനികൾ. താരസംഘടനയായ അമ്മയ്‌ക്കായി ജനറൽ സെക്രട്ടറി ഇടവേള ബാബു റീത്ത് വച്ചതൊഴിച്ചാൽ മറ്റു ഭാരവാഹികളാരും വന്നില്ല. ടൗൺഹാളിലെ അനുശോചന സമ്മേളനത്തിൽ സംവിധായകൻ വി എം വിനു ഇക്കാര്യം പരസ്യമായി സൂചിപ്പിച്ചു.
ജപ്പാനിലുള്ള നടൻ മോഹൻലാൽ മാമുക്കോയയുടെ മകൻ നിസാറിനെ ഫോണിൽ വിളിച്ച് എത്താനാവാത്തതിലെ അസൗകര്യം അറിയിച്ചു. നടൻ മമ്മൂട്ടിയും ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടു.
Comments
Post a Comment