ജില്ലയിൽ മുങ്ങിമരണം കൂടുന്നു - കരുതൽ വേണം, ജലാശയങ്ങളിലിറങ്ങുമ്പോൾ - കുട്ടികൾ പ്രത്യേക ശ്രെദ്ധ പുലർത്തണം
ജില്ലയിൽ മുങ്ങിമരണം കൂടുന്നു - കരുതൽ വേണം, ജലാശയങ്ങളിലിറങ്ങുമ്പോൾ - കുട്ടികൾ പ്രത്യേക ശ്രെദ്ധ പുലർത്തണം
ചെമ്പേരി :കുട്ടികളും രക്ഷിതാക്കളും കരുതിയിരിക്കുക, വെള്ളത്തിലിറങ്ങിയുള്ള കളി ദുരന്തമായി കലാശിക്കാതിരിക്കാൻ. അവധിക്കാല വിനോദങ്ങൾ പലതും ഇത്തരത്തിൽ അപകടങ്ങളിൽ അവസാനിക്കുന്ന സ്ഥിതിയാണ്.
ഞായറാഴ്ച വൈകിട്ട് പയ്യാമ്പ് കുളിക്കാനിറങ്ങിയ പതിനഞ്ചുകാരനായ വിദ്യാർഥി കടലിൽ അകപ്പെട്ടു. കുടകിൽനിന്ന് വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തിലെ കുട്ടിയാണ് തിരയിൽപ്പെട്ടത്.
കുട്ടിയോടൊപ്പം തിരയിൽപ്പെട്ട രണ്ടുപേരെ ലൈഫ് ഗാഡുകൾ രക്ഷപ്പെടുത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാൻ സാധിച്ചില്ല. പിറ്റേദിവസം മൃതദേഹം കിട്ടി. ഈ സംഭവത്തിന്റെ ഞെട്ടൽ മാറും മുന്നേ ബുധനാഴ്ചയും രണ്ടുപേർ ഇവിടെത്തന്നെ കടലിൽ അകപ്പെട്ടു.
ത്രിപുര സ്വദേശികളായ ഇവർ കണ്ണൂരിലെ ഹോട്ടൽ ജോലിക്കാരാണ്. ഇവർ ആരും കടലിൽ കുളിച്ച് ശീലമുള്ളവരല്ല. ലൈഫ്ഗാർഡുകൾ ഇവരെ രക്ഷിക്കുകയായിരുന്നു.
എത്ര മുന്നറിയിപ്പുകൾ അധികൃതർ നൽകിയാലും അനുസരിക്കാതെ വെള്ളത്തിൽ ചാടുന്നവരാണ് അപകടത്തിൽപ്പെടുന്നതെന്ന് ലൈഫ് ഗാർഡുകൾ പറയുന്നു.
അവധിക്കാലത്ത് കുട്ടികൾ കൂട്ടമായി പുഴകളിലും കുളങ്ങളിലും മറ്റ് ജലാശയങ്ങളിലും കുളിക്കാനും നീന്താനും പോകുന്നത് പലപ്പോഴും അപകടത്തിലെത്തും.
വീട്ടുകാരുടെ കണ്ണുവെട്ടിച്ചായിരിക്കും ഇവർ പോകുന്നത്. തന്റെ നീന്തൽവൈദഗ്ധ്യം കൂട്ടുകാരെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ അപകടത്തിലെത്താറുണ്ട്.
കുട്ടികളെ തനിച്ച് പുഴയിലും കുളങ്ങളിലും കുളിക്കാൻ വിടരുത്. പുഴയോരങ്ങളിലുള്ള ബന്ധുവീടുകളിൽ വിരുന്ന് പോകുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.
നീന്തൽ അറിയുന്ന മുതിർന്നവർ പലപ്പോഴും മുങ്ങിമരിക്കുന്നത് മദ്യപിച്ചത് കൊണ്ടാണെന്ന് അഗ്നിരക്ഷാസേനാ അധികൃതർ പറയുന്നു. അമിതമായി മദ്യപിച്ചശേഷം വെള്ളത്തിലകപ്പെട്ടാൽ പിന്നെ രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ്.
കൈകാലുകൾ വേഗം കുഴയുമെന്നും ഇത്തരക്കാർ ഒരിക്കലും നീന്താനിറങ്ങരുതെന്നും തലശ്ശേരി ഫയർ സ്റ്റേഷൻ ഓഫീസർ വാസത്ത് ചേച്ചൻകണ്ടി പറഞ്ഞു.
*സ്വീകരിക്കേണ്ട മുൻകരുതലുകൾ📮*
🔸നീന്തൽ വശമുണ്ടായാലും പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങരുത്.
🔹മദ്യപിച്ച് ഒരിക്കലും വെള്ളത്തിലിറങ്ങരുത്.
🔸നീന്തൽ അറിയാത്തവർ വെള്ളത്തിൽ അകപ്പെട്ടവരെ നേരിട്ട് രക്ഷപ്പെടുത്താൻ ശ്രമിക്കരുത്.
🔹ഉടൻ ലഭ്യമാകുന്ന കമ്പോ കയറോ ഓലയോ വെള്ളത്തിൽ പൊങ്ങിനിൽക്കുന്ന സാധനങ്ങളോ എറിഞ്ഞുകൊടുക്കുക
🔸ഒച്ചവെച്ച് സഹായത്തിന് ആളെക്കൂട്ടുക.
🔹വെള്ളത്തിൽ അകപ്പെട്ടവരെ പുറത്തെടുത്താൽ പ്രഥമശുശ്രൂഷ ചെയ്യുക. ആവുന്നത്ര വേഗത്തിൽ ആസ്പത്രിയിൽ എത്തിക്കുക.
🔸101 നമ്പറിൽ വിളിച്ചാൽ അഗ്നിരക്ഷാസേനയുടെ സഹായം ലഭിക്കും.
🔹മുങ്ങിപ്പോയാൽ നാല്-ആറു മിനിറ്റുവരെ ജീവൻ നിലനിൽക്കും. ചിലപ്പോൾ അതിലധികവും. ആസ്പത്രിയിൽ എത്തിക്കുന്നതുവരെ കൃത്രിമ ശ്വാസോച്ഛ്വാസം നൽകണം. നെഞ്ചിൽ അമർത്തി ഹൃദയത്തിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കാം.
Comments
Post a Comment