നടൻ മാമുക്കോയ അന്തരിച്ചു.
നടൻ മാമുക്കോയ അന്തരിച്ചു.
കോഴിക്കോട്: സവിശേഷമായ കോഴിക്കോടൻ നർമ്മ ഭാഷണശൈലിയുമായി മലയാളസിനിമാലോകത്ത് ചിരിമുദ്രചാർത്തിയ നടൻ മാമുക്കോയ (75) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് ചാത്തമംഗലം എംവിആർ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു. ബുധാനാഴ്‌ച ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അന്ത്യം. കല്ലായിപ്പുഴയോരത്ത് മരം അളവുകാരനായി ജീവിതം ആരംഭിച്ച് വെള്ളിത്തിര കീഴടക്കിയ മാമുക്കോയ അഞ്ഞൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു.
ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാറിന്റെ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം ലഭിച്ചു. കോഴിക്കോടൻ നാടകവേദിയിലുടെ യാണ് സിനിമയിൽ എത്തിയത്. നിലമ്പൂർ ബാലൻ സംവിധാനം ചെയ്‌ത ‘അന്യരുടെഭൂമി’ ആദ്യചിത്രം. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത വണ്ണിലാണ് അവസാനം അഭിനയിച്ചത്. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുൻഷിയാണ് ശ്രദ്ധിക്കപ്പെട്ട ആദ്യവേഷം. സന്ദേശത്തിലെ കെ ജി പൊതുവാളായുള്ള ‘നാരിയൽ കാ പാനി’പ്രയോഗവും നാടോടിക്കാറ്റിലെ ‘ഗഫൂർ കാ ദോസ്‌തും’ ആസ്വാദക പ്രീതിയാർജിച്ചു. തലയണ മന്ത്രം, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേൽപ് എന്നിവയിലും ശ്രദ്ധേയ വേഷങ്ങൾ.
‘പെരുമഴക്കാല’ത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. അബുദാബി കലാരത്നം പുരസ്കാരമടക്കം ബഹുമതികളും നേടി . കോഴിക്കോട് എം എം ഹൈസ്‌കൂൾ വിദ്യാർഥിയായിരിക്കവെ നാടകത്തിൽ സജീവമായി . മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946 ൽ കോഴിക്കോട് പള്ളിക്കണ്ടിയിലാണ് ജനനം. ഭാര്യ: സുഹ്റ. മക്കൾ: നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ്.
Comments
Post a Comment