സെർവർ തകരാർ തുടരുന്നു : രണ്ടാം ദിവസവും ജില്ലയിൽ പലയിടത്തും റേഷൻ വിതരണം അവതാളത്തിൽ
സെർവർ തകരാർ തുടരുന്നു : രണ്ടാം ദിവസവും ജില്ലയിൽ പലയിടത്തും റേഷൻ വിതരണം അവതാളത്തിൽ
ചെമ്പേരി :സ്ഥാനത്തെ റേഷൻ കടകൾ ആധുനികവത്കരിക്കപ്പെട്ടതോടെ റേഷൻ വിതരണം അവതാളത്തിലാകുന്നു. സെർവർ തകരാറും ഇ-പോസ് മെഷീനും ഇടയ്ക്കിടെ പണിമുടക്കുന്നതോടെ പ്രതിസന്ധിയിലാകുന്നത് സാധാരണ ജനങ്ങളാണ്.
ജില്ലകളെ രണ്ട് വിഭാഗങ്ങളാക്കി തിരിച്ച് ഒരേസമയമുള്ള ഉപയോഗം പകുതിയാക്കി കുറച്ചിട്ടും സെര്‍വര്‍ തകരാര്‍ പരിഹരിക്കാനായില്ല.
രാവിലെ മുതൽ വൈകുന്നേരംവരെ ക്യൂ നിന്നാണ് പലപ്പോഴും ആളുകൾ റേഷൻ വാങ്ങുന്നത്. ചിലപ്പോൾ മണിക്കൂറുകളോളം ക്യൂ നിന്നാൽ പോലും പല പ്രശ്നങ്ങൾ കാരണം റേഷൻ ലഭിക്കാറില്ലെന്നാണ് ഉപഭോക്താക്കൾ പറയുന്നു. കഴിഞ്ഞ രണ്ട് ദിവസമായി സെർവർ പണിമുടക്കിയിരിക്കുകയാണ്.നന്നാക്കാൻ വേണ്ട നടപടികൾ ഇതുവരെയും ബന്ധപ്പെട്ടവർ എടുത്തില്ലെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്.
ഇതോടെ ഈ മാസം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്ത് റേഷൻ ലഭിച്ചത് 70 ശതമാനം ആളുകൾക്ക് മാത്രമാണ്.
സംസ്ഥാനത്തെ തൊണ്ണൂറ്റി മൂന്നര ലക്ഷം റേഷൻ കാര്‍ഡുടമകളിൽ 30 ശതമാനം ആളുകൾക്ക് ഇനിയും റേഷൻ ലഭിച്ചിട്ടില്ല.
പലരും രണ്ട് ദിവസങ്ങളിലായി റേഷൻ കടകൾ കയറി ഇറങ്ങുന്നുണ്ടെങ്കിലും സെർവർ പണിമുടക്കിയതോടെ വലഞ്ഞു. ഇതോടെ റേഷന്‍ വാങ്ങാനെത്തുന്നവരും റേഷന്‍ കടയുടമകളും തമ്മില്‍ പലയിടങ്ങളിലും വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി.
കാലാവധി അവസാനിച്ചാൽ അർഹതപ്പെട്ട റേഷൻ ലഭിക്കാൻ സർക്കാർ കനിയണം. സർക്കാർ ദിവസം നീട്ടികൊടുത്താൽ മാത്രമേ ഇവർക്ക് റേഷൻ വിഹിതം ലഭിക്കൂ. റേഷൻ വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി മന്ത്രിയും മറ്റ് ഉന്നതഉദ്യോഗസ്ഥരും പല തവണ ചർച്ച നടത്തിയെങ്കിലും ഇതുവരെ തുടർ നടപടിയൊന്നുമായിട്ടില്ല.
പതിവായി ഉണ്ടാകാറുള്ള സെർവർ പ്രശ്നം ഇനി ഉണ്ടാകില്ലെന്ന് എപ്പോഴും അധികൃതർ ഉറപ്പ് നൽകുമെങ്കിലും ഇത് പരിഹരിക്കാനാവശ്യമായ നടപടിയെടുക്കുന്നില്ലെന്നാണ് റേഷൻ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാനത്തെ മിക്ക റേഷൻ കടകളിലും ഇപ്പോഴുള്ളത് കാലാവധി തീർന്ന ഇ-പോസ് മെഷീനുകളാണ്.
കാലാവധി തീരാത്തതിനാകട്ടെ ബാറ്ററിയുടെ പ്രശ്നവും പൊടിപടലങ്ങൾ കയറി ശരിയായി പ്രവർത്തിക്കാത്ത അവസ്ഥയുമാണ്. ഇവ സർവീസ് ചെയ്യുകയോ ഉപയോഗശൂന്യമായവ മാറ്റി സ്ഥാപിക്കുകയോ വേണമെന്ന് വ്യാപാരികൾ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അതിന് നടപടിയുണ്ടായിട്ടില്ല. സാങ്കേതിക തകരാർ അടിക്കടി ഉണ്ടാകുന്ന ഇ-പോസ് മെഷീനുകളിൽ ഒരു തവണ തന്നെ വിരലടയാള പരിശോധന നടത്താൻ അര മണിക്കൂറിലധികം സമയം വേണ്ടിവരും.
കൂടാതെ പ്രത്യേകം ബില്ല് പ്രിന്റ് ചെയ്തെടുക്കുമ്പോഴേക്കും സമയം വീണ്ടും നീളും. അരി, മണ്ണെണ്ണ, പഞ്ചസാര എന്നിവയ്ക്കും വ്യത്യസ്ത ബില്ലുകളാണ് നൽകേണ്ടി വരുന്നത്. രണ്ട് ബില്ലാക്കിയതോടെ പ്രിന്റ് ചെയ്യാൻ സൗജന്യമായി ലഭിക്കുന്ന പേപ്പർ റോൾ തികയാത്ത അവസ്ഥയുമുണ്ടെന്നും റേഷൻ വ്യാപാരികൾ പറഞ്ഞു.
Comments
Post a Comment