സര്‍ക്കാര്‍ ഓഫീസുകള്‍ മെയ് 15നകം പൂര്‍ണ്ണമായും വൃത്തിയാക്കണം

സര്‍ക്കാര്‍ ഓഫീസുകള്‍ മെയ് 15നകം പൂര്‍ണ്ണമായും വൃത്തിയാക്കണം
മാലിന്യമുക്ത നവകേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയല്‍ മുക്തകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി നടന്നുവരുന്ന ക്യാമ്പെയിന്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളും ശാസ്ത്രീയ മാലിന്യ സംസ്‌കരണം നടപ്പിലാക്കി മെയ് 15നകം വൃത്തിയാക്കണമെന്ന് ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ നടന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ മെയ് മൂന്നിന്റെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള പൊതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ സ്ഥാപനങ്ങളും പാലിക്കണമെന്ന് യോഗത്തില്‍ അറിയിച്ചു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും, ജീവനക്കാരുടെ വീടുകളിലും മാലിന്യം തരംതിരിക്കുന്നുണ്ടെന്നും, ജൈവമാലിന്യം കമ്പോസ്റ്റ് ചെയ്യുന്നുണ്ടെന്നും, അജൈവമാലിന്യം ഹരിതകര്‍മ്മസേനയ്ക്ക് യൂസര്‍ഫീ നല്‍കി കൈമാറുന്നുണ്ടെന്ന് സ്വയം സാക്ഷ്യപ്പെടുത്തി ഓഫീസ് മേധാവിക്ക് ലഭ്യമാക്കണം. ഓഫീസ് പരിശോധനയ്ക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ അതാത് ഓഫീസിലെ ശുചിത്വമാലിന്യ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നുണ്ടെന്ന് വിലയിരുത്തി മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. എല്ലാ ഓഫീസുകളും പൂര്‍ണ്ണമായും ഹരിത ചട്ടം പാലിക്കുന്നുവെന്ന് സ്ഥാപന മേധാവി ഉറപ്പുവരുത്തണം. സിവില്‍ സ്റ്റേഷനില്‍ തയ്യാറായിട്ടുള്ള തുമ്പൂര്‍മുഴി ജൈവ കമ്പോസ്റ്റിംഗ് യൂണിറ്റും ക്ലീന്‍ കേരള കമ്പനിയുടെ എം.സി.എഫും പ്രവര്‍ത്തനക്ഷമമാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ചു. ക്ലീന്‍ സിവില്‍ സ്റ്റേഷന്‍ ഗ്രീന്‍ സിവില്‍സ്റ്റേഷന്‍ എന്ന ജില്ലാ പഞ്ചായത്ത് പദ്ധതിയെ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജി.ഷെറി സംസാരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ബി.എന്‍.സുരേഷ് സ്വാഗതവും ജില്ലാ ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ.വി.രഞ്ജിത്ത് നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി