കുട്ടികളെയും കൂട്ടി ഷാജിയ്ക്കൊപ്പം ശ്രീജ പോയത് രണ്ടാഴ്ച്ച മുൻപ്; മുൻ ഭർത്താവുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പോലീസ് വിളിപ്പിച്ചതിനു പിന്നാലെ ആത്മഹത്യയും; കണ്ണൂരിലെ കൂട്ട ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കുട്ടികളെയും കൂട്ടി ഷാജിയ്ക്കൊപ്പം ശ്രീജ പോയത് രണ്ടാഴ്ച്ച മുൻപ്; മുൻ ഭർത്താവുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പോലീസ് വിളിപ്പിച്ചതിനു പിന്നാലെ ആത്മഹത്യയും; കണ്ണൂരിലെ കൂട്ട ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കണ്ണൂർ: കണ്ണൂരിൽ മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയ അമ്മയും സുഹൃത്തും ജീവനൊടുക്കിയ സമഭാവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻ ഭർത്താവുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവർ ജീവനൊടുക്കിയത്. പുലർച്ചെ ആറ് മണിയോടെയാണ് പാടിയോട്ട്ചാൽ വാച്ചാലിൽ അഞ്ചു പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീജ, മക്കളായ സൂരജ് (12), സുജിൻ (10 ) സുരഭി (8) ശ്രീജയുടെ സുഹൃത്ത് ഷാജി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ സ്റ്റെയർകേസിന്റെ കമ്പിയിൽ തൂങ്ങിയ നിലയിലും ശ്രീജയെയും ഷാജിയെയും കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്.
രണ്ടാഴ്ച മുൻപാണ് ആദ്യ ഭർത്താവ് സുനിലിനെ ഉപേക്ഷിച്ച് ശ്രീജ ഷാജിക്കൊപ്പം താമസം തുടങ്ങിയത്. ഇതേ ചൊല്ലി സുനിലും ശ്രീജയും തമ്മിൽ തർക്കം ഉണ്ടായിരുന്നു. സുനിലിന്റെ പേരിലുള്ള വീട്ടിലായിരുന്നു ശ്രീജയും സുഹൃത്തും കുട്ടികൾക്കൊപ്പം താമസിച്ചത്. ഈ വീട്ടിൽ നിന്ന് ഇറങ്ങാൻ സുനിൽ ആവശ്യപ്പെട്ടതാണ് തർക്ക കാരണം. പ്രശ്നം പരിഹരിക്കാൻ രാവിലെ സ്റ്റേഷനിൽ എത്താൻ മൂവർക്കും പൊലീസ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇന്ന് രാവിലെ ആറ് മണിയോടെ ശ്രീജ ചെറുപുഴ സ്റ്റേഷനിൽ വിളിച്ച് ജീവനൊടുക്കുകയാണെന്ന് അറിയിച്ചു. പൊലീസ് ഉടൻ സ്ഥലത്ത് എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ദമ്പതികൾ ആത്മഹത്യ ചെയ്തെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. രാവിലെ വീടിൻ്റെ വാതിൽ തുറക്കാതിരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർക്ക് സംശയം തോന്നുകയായിരുന്നു. ഏറെ നേരമായിട്ടും ആരെയും പുറത്തുകാണാത്തതും സംശയം വർദ്ധിപ്പിച്ചു. തുടർന്ന് നാട്ടുകാർ സംഘടിച്ച് വാതിൽ തള്ളിത്തുറക്കുകയായിരുന്നു. വീടിനുള്ളിൽ കടന്നപ്പോഴാണ് മുറിയിൽ മൃതദേഹങ്ങൾ കാണുന്നത്.
കുടുംബവഴക്കാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളെ വീട്ടിലെ സ്റ്റെയർ കേസിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. അതിനുശേഷം ശ്രീജയും ഷാജിയും ഒരേ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു എന്നുമാണ് പൊലീസ് നിഗമനം. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്.
മൂന്നു കുട്ടികളെ അടക്കം കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിന് കാരണം എന്താണെന്ന് പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. അതേസമയം കൂട്ടമരണം നടന്ന വീട്ടിൽ നിന്ന് ആത്മഹത്യ കുറുപ്പ് ലഭിച്ചു എന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. കുറിപ്പ് പരിശോധിക്കുന്നതിൽ നിന്നും മരണത്തിന് കാരണമെന്താണെന്ന് നിഗമനത്തിലെത്താൻ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തുവാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Comments
Post a Comment