ഏഷ്യാനെറ്റും മറ്റ് പത്തോളം മലയാളം ചാനലുകളും പറഞ്ഞത് തെറ്റ്!

കൊച്ചി: 55 മെത്രാന്മാരും സിനഡുമായി ബന്ധപ്പെട്ട പല വൈദികരുമുൾപ്പെടെ 100 -ഓളം പേരുണ്ടായിരുന്ന രണ്ടു ദിവസത്തെ യോഗത്തിന്റെ നിർണായക തീരുമാനം ലോകം അറിഞ്ഞത് ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ മാത്രമാണ്.
ഏഷ്യാനെറ്റ് അടക്കമുള്ള പത്തോളം മലയാളം ചാനലുകളും ഒട്ടേറെ യൂ ട്യൂബ് ചാനലുകളും കാര്യകാരണ സഹിതം പറഞ്ഞു കൊണ്ടിരുന്നത് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പിതാവിനെയാണ് മേജർ ആർച് ബിഷപ്പ് ആയി തെരഞ്ഞെടുക്കുന്നത് എന്നാണ്.

ചുരുക്കം ചിലർ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കേൽ ആയിരിക്കുമെന്നും പറയുന്നത് കേട്ടു. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ആരും പ്രവചിക്കാത്ത ബിഷപ്പ് റാഫേൽ തട്ടിൽ തെരെഞ്ഞെടുക്കപ്പെട്ടതായി ഔദ്യോഗിക പ്രഖ്യാപനം വന്നു. റാഫേൽ പിതാവിനെ തെരെഞ്ഞെടുത്ത ശേഷം ഏതാണ്ട് 24 മണിക്കൂറോളം നൂറോളം പേർക്ക് ഈ വാർത്ത അതീവ രഹസ്യമായി സൂക്ഷിക്കാൻ കഴിഞ്ഞു എന്നത് അത്ഭുതപ്പെടുത്തുന്നു.

ഇതാണ് സിനഡിന്റെ രഹസ്യസ്വഭാവം. ചില സഭകളിൽ ഈ രഹസ്യസ്വഭാവം നഷ്ടപ്പെടുന്നു എന്നതും സിനഡിലുള്ളവർ തന്നെ വാർത്തകൾ ചോർത്തി നൽകുന്നു എന്നതും പറയാതിരിക്കാൻ തരമില്ല. "അരമനരഹസ്യം” -എന്ന പ്രയോഗം അന്വർത്ഥമാക്കുന്ന സീറോ മലബാർ സഭയ്ക്ക് ഒരു ബിഗ് സല്യൂട്ട്!

പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് സീറോ മലബാർ സഭയ്ക്ക് പുതിയ ഒരു അധ്യക്ഷൻ നിയമിതനാകുന്നത്. പന്ത്രണ്ട് വർഷത്തെ ഭരണനിർവഹണത്തിനു ശേഷം കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി രാജിവെച്ചതോടെയാണ് പുതിയ മേജർ ആർച്ച് ബിഷപ്പ് തെരഞ്ഞെടുപ്പ് നടന്നത്. ഇന്നലെ രാവിലെ ഒൻപത് മണിക്കാണ് സിനഡ് സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചത്. തെരഞ്ഞെടുപ്പ് വിവരങ്ങൾ അടങ്ങിയ കത്ത് വത്തിക്കാന്റെ അനുമതിക്കായി ഇന്നലെ തന്നെ കൈമാറിയിരുന്നു.

1956 ഏപ്രിൽ 21-ന് തൃശ്ശൂർ പുത്തൻപള്ളി ബസ്ലിക്കാ ഇടവകയിലാണ് മാർ റാഫേൽ തട്ടിലിന്റെ ജനനം. തൃശൂർ സെന്റ് മേരീസ് മൈനർ സെമിനാരിയിലും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂർത്തിയാക്കിയ മാർ റാഫേൽ തട്ടിൽ തൃശ്ശൂർ രൂപതയ്ക്കുവേണ്ടി 1980 ഡിസംബർ 21-ന് പൗരോഹിത്യം സ്വീകരിച്ചു.
അരണാട്ടുകര പള്ളിയിൽ അസിസ്റ്റന്റ് വികാരിയായും തൃശൂർ മൈനർ സെമിനാരിയിൽ ഫാദർ പ്രീഫെക്ട‌്, വൈസ് റെക്ടർ, പ്രെക്കുരേറ്റർ എന്നീ നിലകളിലും കൂനംമുച്ചി, ചേരുംകുഴി പള്ളികളിൽ ആക്ടിംഗ് വികാരിയായും സേവനം ചെയ്‌തിട്ടുണ്ട്. റോമിലെ പൊന്തിഫിക്കൽ ഓറിയന്റ്റൽ ഇൻസ്റ്റിട്യൂട്ടിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്‌ടറേറ്റ് നേടിയ ശേഷം രൂപതാ വൈസ് ചാൻസലർ, ചാൻസലർ, സിൻചെല്ലൂസ് എന്നീ പദവികൾ വഹിച്ചു.

രൂപതാ കച്ചേരിയിൽ നോട്ടറിയും ജഡ്ജിയും അഡ്‌ജുറ്റന്റ് വികാരിയുമായിരുന്നു. 2010-ൽ തൃശ്ശൂർ അതിരൂപതാ സഹായമെത്രാനായി നിയമിക്കപ്പെട്ടു. 2014 മുതൽ പ്രവാസികളുടെ ചുമതലയുള്ള അപ്പസ്റ്റോലിക് വിസിറ്റേറ്ററായി സേവനം ചെയ്യവേ അദ്ദേഹം 2017-ൽ ഷംഷാബാദ് രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടിരിന്നു.

Comments

Popular posts from this blog

പയറ്റുചാൽ സെന്റ് സെബാസ്റ്റ്യൻസ് കുരിശുപള്ളിയിൽ തിരുന്നാൾ ആഘോഷം

ഇവരുടെ വിധി നാളെ അറിയിക്കും; ബന്ദികളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്

ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ 65കോടിയുടെ കെട്ടിടസമുച്ചയത്തിനുള്ള പ്രവ്യത്തി ടെണ്ടർ ചെയ്തു

ചോദ്യപേപ്പർ അച്ചടിക്കാൻ 10 രൂപ നൽകണം ; വിദ്യാർഥികളിൽ നിന്ന് പണം പിരിക്കാൻ സർക്കാർ

കര്‍ഷകന്റെ കണ്ടുപിടിത്തങ്ങള്‍ മുതുകുളത്തില്‍ ജോസഫ് (കുഞ്ഞേട്ടന്‍)