നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക്; ഇന്ന് മുതൽ 72 മണിക്കൂർ പണിമുടക്കും; രോഗികൾക്ക് നിർബന്ധിത ഡിസ്ചാർജ് നൽകി ആശുപത്രികൾ
നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക്; ഇന്ന് മുതൽ 72 മണിക്കൂർ പണിമുടക്കും; രോഗികൾക്ക് നിർബന്ധിത ഡിസ്ചാർജ് നൽകി ആശുപത്രികൾ
തൃശൂർ : സംസ്ഥാനത്ത് വീണ്ടും നഴ്സുമാർ സമരത്തിലേക്ക്. തൃശൂരിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ഇന്ന് മുതൽ പണിമുടക്കും. ഐസിയുവിൽ ഉൾപ്പെടെ ഇന്ന് മുതൽ 72 മണിക്കൂർ പണിമുടക്കുമെന്നാണ് ആഹ്വാനം.
ലേബർ ഓഫീസറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം പ്രഖ്യാപിച്ചത്. അതിനിടെ ഇന്ന് മുതൽ നഴ്‌സുമാർ സേവനത്തിന് ഇല്ലാത്തത് മുൻകൂട്ടി കണ്ട് തൃശൂരിലെ സ്വകാര്യ ആശുപത്രികളിൽ രോഗികൾക്ക് നിർബന്ധിത ഡിസ്ചാർജ് നൽകുകയാണ്.
പ്രതിദിന വേതനം 1500 ആക്കുക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുഎൻഎയുടെ നേതൃത്വത്തിൽ പണിമുടക്ക് പ്രഖ്യാപിച്ചത്. ജില്ലയിലെ 28 സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരാണ് പണിമുടക്കുന്നത്. പണിമുടക്ക് ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കും.ഐസിയുവിൽ അടക്കം സമരം ചെയ്യാനാണ് നഴ്‌സുമാരുടെ സംഘടനയുടെ തീരുമാനം.
ഇന്ന് മുതലുള്ള സമരം മുൻകൂട്ടി കണ്ട് ഇന്നലെ മുതൽ തന്നെ രോഗികളോട് അയൽ ജില്ലകളിലെ ആശുപത്രികളിലോ, സർക്കാർ ആശുപത്രികളിലോ ചികിത്സ തേടി പോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ആശുപത്രി അധികൃതർ. ഇന്ന് മുതൽ നഴ്‌സുമാർ ഇല്ലാതെ വരുന്നത് ചികിത്സയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റു ജില്ലകളിലെ ആശുപത്രികളിലേക്ക് പോകാൻ നിർദേശിക്കുന്നത്. ഇന്ന് തീവ്രപരിചരണ വിഭാഗത്തിൽ അടക്കം നിർബന്ധിത ഡിസ്ചാർജ് നൽകുന്നത് രോഗികളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. അതീവശ്രദ്ധ വേണ്ട വൃക്ക രോഗികൾ അടക്കമുള്ളവർക്ക് മറ്റു ജില്ലകളിലെ ആശുപത്രികളിലോ ചികിത്സ തേടേണ്ട ദുരവസ്ഥയിലാണ്.
Comments
Post a Comment